കോട്ടയം: കേരള പൊലീസിന്റെ ട്രാഫിക് വിംഗിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ (40), കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ആർ. ജിജു അറസ്റ്റ് ചെയ്‌തത്. കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ പ്രതികൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 11ന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്‌സിലേക്കു റിക്രൂട്ട്‌മെന്റ് നടക്കുന്നതായി ഇന്നലെ പ്രമുഖ ദിനപത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂളിൽ മൂന്നു ദിവസമായി നടക്കുന്ന പരിശീലന ക്യാമ്പിനെപ്പറ്റി അറിഞ്ഞത്. തുടർന്ന് പൊലീസ് അവിടെയെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദാംശങ്ങളറിയാൻ ഇവരെ ചോദ്യംചെയ്തു വരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തട്ടിപ്പിങ്ങനെ
കേരള പൊലീസിന്റെ ട്രാഫിക് വിംഗിലേക്ക് നേരിട്ട് നിയമനം നടക്കുന്നതായി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചാണ് ഇവർ ആളുകളെ കൂട്ടുന്നത്. ഓരോ പ്രദേശത്തെയും ആളുകളെ നേരിട്ടും വിളിക്കും. ഇവരെ വിശ്വസിച്ച് എത്തിയ 76 പേർക്ക് കഴിഞ്ഞ മാസം 28ന് ഇതേ സ്‌കൂളിൽ വച്ച് എഴുത്ത് പരീക്ഷയും നടത്തി. 200 രൂപയായിരുന്നു പരീക്ഷാ ഫീസ്. ഇതു പാസായ 15 പേർക്കാണ് കടുവാക്കുളത്തെ സ്‌കൂൾ മൈതാനത്ത് പരിശീലനം നൽകിയത്. പൊലീസ് യൂണിഫോമിന്റെ ഫീസ് എന്ന പേരിൽ 3000 രൂപ വീതവും ഈടാക്കിയിരുന്നു. ആലപ്പുഴയിൽ 11ന് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ സുരക്ഷാ ചുമതലയ്‌ക്കായി ഇവരെ നിയോഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. കോട്ടയം, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തിരുന്നത്.