കറുകച്ചാൽ: നെടുങ്കുന്നത്തെ സർക്കാർ സ്കൂളുകളെല്ലാം ഇനി സ്മാർട്ടാകും. ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ സ്ഥാപിക്കും. പത്താഴപ്പാറ ഗവ. യു.പി സ്‌കൂൾ, പന്ത്രണ്ടാംമൈൽ നോർത്ത് യു.പി സ്‌കൂൾ, കൊച്ചുകുളം ഗവ. വെൽഫെയർ എൽ.പി സ്‌കൂൾ എന്നിവയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുമാണ് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത്. പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം സർക്കാർ സ്‌കൂളുകളെ നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. ആറരലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പത്താഴപ്പാറ യുപി സ്‌കൂളിൽ നടത്തിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ ചെയർമാൻ രവി സോമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം മിനി ജോജി, ലതാ ഉണ്ണിക്കൃഷ്ണൻ, ശോഭാ സതീഷ്, ബീനാ, ബിന്ദുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.