കോട്ടയം: കേരള പൊലീസിന്റെ ട്രാഫിക് വിംഗിലേക്കെന്ന പേരിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ വ്യാജ പൊലീസ് സംഘം ജില്ലാ മെഡിക്കൽ ഓഫീസറെയും പറ്റിച്ചു. ഇവരുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രിയിലെ ആംബുല‌ൻസും രണ്ടു ഡോക്‌ടർമാർ അടക്കം അഞ്ചു ജീവനക്കാരെയും റിക്രൂട്ട്‌മെന്റ് റാലിക്കായി വിട്ടു നൽകിയിരുന്നു.

പാമ്പാടിയിലെ സ്വകാര്യ സ്‌കൂളിൽ ടെസ്റ്റ് നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് തട്ടിപ്പുകാർ ജില്ലാ പൊലീസ് മേധാവിക്കും കത്ത് നൽകി. ഇതിന്റെ പകർപ്പ് കാണിച്ചാണ് മെഡിക്കൽ സംഘത്തെ തരപ്പെടുത്തിയതും സ്‌കൂൾ മൈതാനം സംഘടിപ്പിച്ചതും. കഴിഞ്ഞ 28ന് കടുവാക്കുളം എമ്മൗസ് പബ്ലിക് സ്‌കൂളിൽ വ്യാജ റിക്രൂട്ട്‌മെന്റിനായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും നടക്കുമ്പോൾ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം സ്‌കൂളിൽ കാത്തുകിടപ്പുണ്ടായിരുന്നു. സ്കൂൾ മൈതാനം വിട്ടുകിട്ടാനായി സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചത് പൊലീസ് യൂണിഫോമിലാണ്. "എ.സി.പി"യായി വിലസിയ കെ.കെ. രവിയാണ് സംഘത്തിലെ പ്രധാനി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ (40), കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ കോടതി റിമാൻഡ് ചെയ്‌തു. രവി തൃശൂരിലും ആലപ്പുഴയിലും സമാന കേസുകളിൽ പ്രതിയാണ്. പൊലീസ് യൂണിഫോമിൽ വാഹന പരിശോധന നടത്തിയതിനും രവിക്കും ഷൈമോനും എതിരെ പരാതി നിലവിലുണ്ട്. കേരള പൊലീസിന്റെ ട്രാഫിക് വിംഗിലേക്ക് നേരിട്ട് നിയമനം നടക്കുന്നതായി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചാണ് ഇവർ ആളുകളെ കൂട്ടുന്നത്.