കോട്ടയം:മൂന്ന് ജില്ലകളിൽ എ.ടി.എം കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശി ഹനീഫ് (37), രാജസ്ഥാൻ സ്വദേശി നസീം ആക്‌ബർ (24) എന്നിവരെ ഇന്നലെ കോട്ടയത്തത്തിച്ചു. ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിനു ശേഷം എറണാകുളം പൊലീസിനു കൈമാറി. കവർന്ന 35 ലക്ഷം രൂപ യും ചെലവഴിച്ചുവെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്.
മറ്റൊരു മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശി പപ്പി സിംഗിനെ (32) 14 ന് കസ്റ്റഡിയിൽ വാങ്ങും.രാജസ്ഥാൻ സ്വദേശി അലീൻ (26), ഹരിയാന സ്വദേശി അസംഖാൻ (18), ഷെഹസാദ് (33) എന്നിവരെ ഇനി പിടികൂടാനുണ്ട്.
കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് എറണാകുളത്തും തൃശൂരിലും എ.ടി.എം തകർത്ത് 35 ലക്ഷം കവർന്നത്. ഹനീഫും നസീമും അസംഖാനുമാണ് പദ്ധതി തയ്യാറാക്കിയത്. ആറു വർഷമായി കേരളത്തിൽ ലോറിയോടിക്കുന്ന അസംഖാനും ഷെഹസാദും അലീമും സിംഗാർ കമ്പനിയിൽ ട്രക്ക് ഡ്രൈവർമാരാണ്. മോഷണം പദ്ധതിയിട്ട ശേഷം ഇവർ മൂന്നു പേരും മൂന്ന് ലോറികളിൽ ലോഡുമായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്‌ക്ക് തരിച്ചു. ഹനീഫും, നസീമും പപ്പിയും ഡൽഹിയിൽ നിന്ന് വിമാന മാർഗം ബംഗളൂരുവിൽ എത്തി ഇവരോടൊപ്പം ചേർന്നു. അലീം ഒഴികെയുള്ള അഞ്ചു പേർ പത്തനംതിട്ടയിലേയ്‌ക്കുള്ള ലോറിയിൽ കയറിയപ്പോൾ ഇയാൾ കൊല്ലത്തേയ്‌ക്കു ലോഡുമായി പോയി. പത്തനംതിട്ടയിൽ ലോഡിറക്കിയ ശേഷം തിരികെ എത്തിയ പ്രതികൾ മണിപ്പുഴയിൽ നിന്ന് പിക്കപ്പ് മോഷ്‌ടിച്ചു. തുടർന്ന് വെമ്പള്ളിയിൽ എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതിനിടെ മുകൾ നിലയിൽ നിന്നു വെട്ടം കണ്ട് രക്ഷപ്പെട്ടു, മോനിപ്പള്ളിയിലെ എ.ടി.എെമ്മിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ഇരുമ്പനത്തു നിന്ന് 25 ലക്ഷവും കൊരട്ടിയിൽ നിന്ന് പത്ത് ലക്ഷവും കവർന്നു.
കവർച്ചയ്‌ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ മൊബൈൽ ഫോൺ നെറ്റ് വർക്ക് പിൻതുടർന്ന് കണ്ടെത്തുകയായിരുന്നു.
രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമമായ മേവാത്തിൽ നിന്നും എറണാകുളം സിറ്റി സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ ടി.എെസ് റെനീഷ്, എ.എസ്.ഐമാരായ അജിത്, കെ.കെ റെജി, എ.എസ്.ഐ അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിനിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി ദിനേശ്, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.