വെച്ചൂർ: പ്രളയാനന്തരവും കർഷകരുടെ പ്രതിസന്ധികൾ തീരുന്നില്ല. മേഖലയിലെ പാടശേഖരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. കർഷകർക്ക് വെള്ളിടിയായി മാനാടങ്കരി പാടശേഖരത്തിന്റെ മോട്ടോർ ഇടിമിന്നലിൽ കത്തിനശിച്ചു. മാനാടങ്കരിയിൽ വിതച്ച് പത്ത് ദിവസമേ ആയിട്ടുള്ളു. പമ്പിംഗ് നടത്താൻ കഴിയാതെ വന്നാൽ കൃഷി നശിക്കും. പ്രളയശേഷം അപ്പർകുട്ടനാട്ടിൽ കൃഷി നശിച്ച നെൽപാടങ്ങൾക്ക് ഏക്കറിന് 5500 രൂപ വീതം സർക്കാർ നൽകിയിരുന്നു. ആശ്വാസ നടപടികൾ അതിൽ മാത്രമൊതുങ്ങി. പക്ഷേ കർഷകർക്ക് നേരിട്ട നഷ്ടം, ചെലവുകൾ എല്ലാം അതിലും എത്രയോ വലുതായിരുന്നു. മിക്ക പാടശേഖരങ്ങളുടേയും പമ്പ് സെറ്റുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു. അവ അറ്റകുറ്റപ്പണി നടത്തി. പ്രവർത്തന സജ്ജമാക്കുന്നതിന് സർക്കാർ സഹായിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതൊന്നുമുണ്ടായില്ല. വീണ്ടും കൃഷിയിറക്കണമെങ്കിൽ പാടശേഖരത്തിൽ പമ്പിംഗ് നടത്തണം. കർഷകർ തന്നെ മോട്ടോറുകൾ നന്നാക്കി പമ്പിംഗ് ജോലികൾ തുടങ്ങി. ആദ്യ ഘട്ടത്തിൽ പാടശേഖരങ്ങൾ വെള്ളം കയറാതെ സംരക്ഷിക്കുന്നതിന് കർഷകർ ബണ്ടുകൾ ബലപ്പെടുത്തുകയും താത്ക്കാലിക ബണ്ടുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. ഇതിന് ലക്ഷങ്ങൾ ചെലവായി. നെൽകൃഷി സംരക്ഷിച്ചു നിറുത്തേണ്ട ഉത്തരവാദിത്ത്വത്തിൽ നിന്ന് സർക്കാർ പിന്മാറരുത്. യഥാർത്ഥ പ്രതിസന്ധിയും നഷ്ടവും മനസ്സിലാക്കിയുള്ള ക്രിയാത്മക നടപടികളാണ് വേണ്ടത്. അറയ്ക്കൽ സുന്ദരൻ (വെച്ചൂർ പഞ്ചായത്ത് കർഷക കോ-ഓർഡിനേഷൻ കമ്മറ്റി വൈസ് പ്രസിഡന്റ്)