richard-mathew

പാലാ : വില്ലേജ് ഓഫീസർ ചമഞ്ഞ് ആയുർവേദ ഡോക്ടറുടെ പക്കൽ നിന്നും 1000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഇടുക്കി അയ്യപ്പൻകോവിൽ മാട്ടുക്കട്ട മരങ്ങാട്ട് വീട്ടിൽ റിച്ചാർഡ് മാത്യു (44) നെയാണ് പൊലീസ് പിടികൂടിയത്. പാലാ എസ്.ഐ വിനീത് കുമാറും സംഘവും ഇന്നലെ വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലാ മൂന്നാനി കരുണ ആശുപത്രിയിലെ ഡോ:സതീഷ് ബാബുവിന്റെ പണമാണ് റിച്ചാർഡ് തട്ടിയെടുത്തത്. വില്ലേജ് ഓഫീസർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി കാർ കേടായി കിടക്കുകയാണെന്നും കാറിൽ വീട്ടുകാർ ഉണ്ടെന്നും സൂചിപ്പിച്ച ശേഷം നന്നാക്കാൻ അത്യാവശ്യമായി ആയിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഡോക്ടർക്ക് ഫോൺ നമ്പർ നൽകിയ ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്. റോയി ജേക്കബ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെയാണ് സതീഷ് ബാബു പൊലീസിൽ പരാതി നൽകിയത്. പ്രതി സമാനരീതിയിൽ മറ്റ് ചില സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.