
കോട്ടയം: ശസ്ത്രക്രിയയുടെ വേദനയും പ്രായവും മറന്ന് കഴിഞ്ഞ ഒരുമാസം ജനറൽ ആശുപത്രിയിൽ പ്രാർത്ഥനയും പാട്ടുമായി രോഗികളുടെയും ഡോക്‌ടർമാരുടെയും മനംകവർന്ന മാമി ചേട്ടത്തി കുമ്മനത്തെ കൊച്ചുമകെന്റ വീട്ടിലേക്കാണ് മടങ്ങി. വീഴ്ചയിൽ ഇടുപ്പെല്ല് പൊട്ടിയ മുണ്ടക്കയം പാറോടിയിൽ മാമി ദേവസ്യ(99) യെ കഴിഞ്ഞമാസം 14 നാണ് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായക്കൂടുതൽ കാരണം ശസ്‌ത്രക്രിയ നടക്കില്ലെന്ന് പറഞ്ഞ് മറ്റ് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞതോടെയാണ് ഇവിടെയെത്തുന്നത്. ഓർത്തോ വിഭാഗം നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ അനിവാര്യമാണെന്ന് പറഞ്ഞു. മാമിചേട്ടത്തി സമ്മതംമൂളിയതോടെ ഡോക്ടർമാർക്കും ആത്മവിശ്വാസമായി. കഴിഞ്ഞ 25 ന് ഡോ. വിവേക് മാത്യുവിന്റെ നേതൃത്വത്തിൽ ഇടുപ്പെല്ലിൽ ഇംപ്ലാന്റ് സ്ഥാപിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഡോ. ഹരിദാസ്, ഡോ.അജിത്ത്, ഡോ.അരവിന്ദ്, ഡോ. ശ്രീകേഷ് എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. 2019 ജനുവരി 7 ന് മാമി ദേവസ്യയുടെ 100ാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.