കോട്ടയം: ജി.പി.എസ് സംവിധാനം പൊതുഗതാഗത വാഹനങ്ങളിലും ഏർപ്പെടുത്താൻ കേന്ദ്രമോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചതോടെ ജില്ലയിലെ 1200 സ്വകാര്യ ബസുകളും നെറ്റ് വർക്കിനുള്ളിലാകും. അധിക ചെലവിന്റെ പേരിൽ ബസ് ഉടമകൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും നിയമം നടപ്പിലാക്കാതെ പോംവഴിയില്ല. ജി.പി.എസ് യന്ത്രത്തിന് മാത്രം 15,000 രൂപയോളമാകും. ഘടിപ്പിക്കുന്നതിനായി അയ്യായിരം രൂപ വേറെയും. ഇതെല്ലാം സ്വന്തം നിലയിൽ കണ്ടെത്തണമെന്നാണ് ഉടമകളുടെ എതിർപ്പിന് കാരണം. ജി.പി.എസ് ഘടിപ്പിക്കുന്നതോടെ വാഹനങ്ങളുടെ റൂട്ട്, സമയക്രമം, വേഗം എന്നിവയെല്ലാം കൺട്രോൾ റൂമിലിരുന്ന് അറിയാൻ സാധിക്കും.ഫിറ്റ്നസ്, ഇൻഷ്വറൻസ് തുടങ്ങിയ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ റോഡിൽ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധനയും വേണ്ടി വരില്ല. സമയക്രമം തെറ്റിക്കൽ, ട്രിപ്പ് മുടക്കൽ എന്നിവയും കണ്ടുപിടിക്കാൻ സാധിക്കും.
ആദ്യം വലിയ വാഹനങ്ങളിൽ
ആദ്യഘട്ടമായി വലിയ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനാണ് ആലോചന. ലോറികളിലും ട്രക്കുകളിലും അടുത്ത മാർച്ചിനുള്ളിൽ ഘടിപ്പിച്ച് പ്രവർത്തനം വിലയിരുത്തും.
കമ്പനികൾ സമീപിക്കുന്നുണ്ട്
ജി.പി.എസ് ഘടിപ്പിക്കാനായി വിവിധ കമ്പനികൾ ബസ് ഉടമകളെ സമീപിക്കുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ വ്യക്തമായ നിർദ്ദേശങ്ങളൊന്നും വിഷയത്തിൽ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവിനും ചർച്ചയ്‌ക്കും ശേഷം തീരുമാനം ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എസ് സുരേഷ് പറഞ്ഞു.