വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി സമൂഹങ്ങൾ നടത്തുന്ന സന്ധ്യവേല 13ന് ആരംഭിക്കും. സമൂഹ സന്ധ്യവേലയിൽ ആദ്യത്തേത് വൈക്കം സമൂഹത്തിന്റെതാണ്. സന്ധ്യവേലയുടെ പ്രധാന ചടങ്ങായ ഒറ്റപ്പണം സമർപ്പിക്കൽ 13ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രബലിക്കൽ പുരയിൽ നടക്കും. ബലിക്കൽ പുരയിൽ വെള്ളപട്ടു വിരിച്ച് വൈക്കത്ത് പെരും തൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി മറ്റപ്പള്ളി, തന്ത്രി കിഴക്കേടത്ത് മേക്കാടൻ, മേൽശാന്തിമാർ, കീഴ്ശാന്തിമാർ, മൂസത് മാർ , കിഴിക്കാർ, പാട്ടോലക്കർ എന്നിവരെ യഥാക്രമം ഒറ്റപ്പണം സമർപ്പിക്കുവാൻ സമൂഹം സെക്രട്ടറി കെ സി. കൃഷ്ണമൂർത്തി വിളിക്കും. തുടർന്ന് ഭക്തജനങ്ങൾക്കും അവസരം നൽകും. വൈക്കം സമൂഹം പ്രസിഡന്റ് പി .ബാലചന്ദ്രന്റെ നേതൃത്വത്തിൽ കിഴിപ്പണം കെട്ടി തലയിൽ ചുമന്ന് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കൊടിമര ചുവട്ടിൽ സമർപ്പിക്കും. കിഴിപ്പണം പിന്നിട് ദേവസ്വം ഓഫിസിൽ ഏൽപ്പിക്കുകയും അതിൽ നിന്നും ഒരു പണം സമൂഹ ഭാരാവാഹി എടുത്ത് കിഴിയായി സൂക്ഷിക്കും. ഈ കിഴിപണം അടുത്ത സന്ധ്യവേലയുടെ ചടങ്ങുകൾക്കായി ഉപയോഗിക്കും. സന്ധ്യവേല ദിവസം രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, വിശേഷാൽ വഴിപാടുകൾ, പ്രാതൽ വിളക്ക് എന്നിവ ഉണ്ടായിരിക്കും.സന്ധ്യവേലയുടെ അരിയളക്കൽ നാളെ ക്ഷേത്ര കലവറയിൽ നടക്കും. 15ന് തെലുങ്ക് സമൂഹത്തിന്റെ സന്ധ്യ വേലയും 17 ന് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ സന്ധ്യ വേലയുമാണ്. 16നാണ് അരിയളക്കൽ. സമൂഹ സന്ധ്യവേലയുടെ സമാപനം 18ന് വടയാർ സമൂഹത്തിന്റെ സന്ധ്യ വേലയോടെയാണ് . അന്ന് ദീപാരാധനക്ക് ശേഷം ബലിക്കൽ ഒറ്റപ്പണം സമർപ്പണവും നടക്കും. അരിയളക്കൽ 19ന് രാവിലെ 6.20നും 8.15നും ഇടയിലാണ്.പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബർ 30ന് നടക്കും. ഡിസംബർ 1ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉദയനാപുരം ക്ഷേത്രത്തിൽ നവംബർ 15ന് രാവിലെ 6.30 നും 8.30 നും ഇടയിലാണ് കൊടിയേറ്റ്. തൃക്കാർത്തിക നവംബർ 23ന് നടക്കും.