exise
നാഗരാജിനെ എക്‌സൈസ് സി.ഐ. റ്റി.എം. മജുവിന്റെ നേതൃത്വത്തിൽ പാലാ സി.ഐ. ഓഫീസിൽ കൊണ്ടുവന്നപ്പോൾ

പാലാ : ''എന്നാ അണ്ണാ ഇങ്കെ ഇരിക്കത് ...? അടുത്തുവന്ന ക്ലീൻഷേവുകാരൻ 'കണ്ണപ്പന്റെ' ചോദ്യം കേട്ട് കിടങ്ങൂരിൽ ബസ് ബേയിലിരുന്ന നാഗരാജ് (63) ചാടിയേറ്റു ; കൈയിലിരുന്ന പ്ലാസ്റ്റിക് പൊതി ക്ലീൻഷേവുകാരന് ഉടൻ കൈമാറി. പെട്ടെന്ന് ചുറ്റും നിന്നവർ ചേർന്ന് നാഗരാജിനെ പിടിച്ചു. അപ്പോഴാണ് എക്‌സൈസ്‌കാരുടെ 'ചതി' നാഗരാജിന് മനസിലായത്. പാലാ എക്‌സൈസ് സി.ഐ. ടി.എം. മജുവും സംഘവും ചേർന്നൊരുക്കിയ കെണിയിൽ ഒരു കിലോയിൽപരം കഞ്ചാവും നാഗരാജും പെട്ടുപോയി.

കമ്പത്തുനിന്നും കഞ്ചാവുമായി കിടങ്ങൂർ വരെ എത്താനായിരുന്നു പീരുമേട് പരിശുമലക്കുന്ന് നല്ലതമ്പി കോളനിയിലെ നാഗരാജിന് കഞ്ചാവുമാഫിയ നൽകിയ നിർദ്ദേശം. പുലർച്ചെ കഞ്ചാവുപൊതിയുമായി അവിടെ നിന്ന് തിരിച്ചു. പത്തരയോടെ കിടങ്ങൂരിൽ ബസ് സ്റ്റോപ്പിൽ ഇരിപ്പായി. കണ്ണപ്പൻ എന്ന് ഒരാൾ വന്ന് ''എന്നാ അണ്ണാ ഇങ്കെ ഇരിക്കത് '' എന്ന് ചോദിക്കുമ്പോൾ പൊതി കൈമാറണമെന്നായിരുന്നു കഞ്ചാവുമാഫിയായുടെ നിർദ്ദേശം. എന്നാൽ ഈ വിവരം ചോർന്നു കിട്ടിയ ജില്ലാ എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഇയാളെയും കഞ്ചാവും പിടികൂടുന്ന ദൗത്യത്തിനായി പാലാ എക്‌സൈസ് സി.ഐ. റ്റി.എം. മജുവിനെ ചുമതലപ്പെടുത്തി.

അങ്ങനെയാണ് ഇന്നലെ രാവിലെ 11 മണിയോടെ മജു ഉൾപ്പെടെയുള്ള എക്‌സൈസ് സംഘം മഫ്ത്തിയിൽ കിടങ്ങൂരിലെത്തിയതും നാഗരാജിനെ പിടികൂടിയതും. വിപണിയിൽ കാൽലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് സി.ഐ. മജു പറഞ്ഞു. സി.ഐയോടൊപ്പം എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ ബാബു മാത്യു, ബിജു വർഗ്ഗീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കണ്ണൻ, അഖിൽ പവിത്രൻ, രാഹുൽ നാരായണൻ, സ്റ്റാൻലി ചാക്കോ, റ്റി.ജി. സന്തോഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. നാഗരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.