photo

കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിന്ന് ക്ലീൻ കേരള കമ്പനി ഏറ്റെടുത്തത് 12 ടൺ ഇ - മാലിന്യം.ശുചിത്വമിഷനും ഹരിതകേരളം പദ്ധതിയും സംയുക്തമായാണ് സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് കൈമാറിയത്.

കമ്പ്യൂട്ടറുകൾ, സ്ലൈഡ് പ്രോജക്ടുകൾ, പഴയ മോട്ടോറുകൾ, ബാറ്ററികൾ, ഫോട്ടോ കോപ്പി മെഷീൻ, മൈക്ക് സെറ്റ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയായിരുന്നു ഇ-മാലിന്യങ്ങളിൽ അധികവും. ഉപയോഗ ശൂന്യമാണെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം സാക്ഷ്യപ്പെടുത്തിയവയാണ് ശേഖരിച്ചത്. ഇവ ക്ലീൻ കേരള കമ്പനി അധികൃതർ ഹൈദരാബാദിലെ എർത്ത് സെൻസ് കമ്പനിയിലെത്തിച്ച് ശാസ്‌ത്രീയമായി നിർമാർജനം ചെയ്യും. കോട്ടയം കളക്‌ടറേറ്റിൽ നിന്ന് മാത്രം മൂന്നര ടൺ വരുന്ന ഇ മാലിന്യങ്ങളാണ് കൈമാറിയത്. ആറ് മാസങ്ങൾക്ക് മുൻപ് കളക്‌ടറേറ്റിൽ നിന്നും സർക്കാർ സ്‌കൂളുകളിൽ നിന്നും മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ശേഖരിച്ചിരുന്നു. ഇതേത്തുടർന്നാണ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ലെഡ് പോലുള്ള മാരക വിഷമുള്ള വസ്തുക്കളടങ്ങിയ ഇ - മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാൻ ക്ലീൻ കേരള തീരുമാനിച്ചത്. കോട്ടയം കളക്‌ടറേറ്റ്, ഈരാറ്റുപേട്ട ബ്ലോക്ക്, ഉഴവൂർ ബ്ലോക്ക് എന്നീ മൂന്ന് സെന്ററുകളിലാണ് മാലിന്യം ഏറ്റെടുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയത്. കിലോയ്ക്ക് 10 രൂപ വീതം അതത് സ്ഥാപനങ്ങളിലേക്ക് ക്ലീൻ കേരള നൽകി.

''ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കൂടി ഇ - മാലിന്യങ്ങൾ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള 7 കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ഇ-മാലിന്യം ഏറ്റെടുക്കുന്നത്. കോട്ടയത്ത് നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഹൈദരാബാദിലെ കമ്പനിക്കാണ് കൈമാറുന്നത്. പദ്ധതി വിജയിച്ചാൽ വൻ പരിസ്ഥിതി മലിനീകരണം ഒഴിവാകും.

രമേശ് (ഹരിതകേരള മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ)