പാലാ: ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി നിയുക്ത മാളികപ്പുറം മേൽശാന്തി നാരായണൻ നമ്പൂതിരി ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിലെത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം കാണിക്കയായി കദളിക്കുല സമർപ്പിച്ചു. തുടർന്ന് സോപാനത്തിങ്കൽ വഴിപാടായി നെയ്‌വിളക്ക് തെളിയിച്ചു. കാവിൻപുറം ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയിൽ നിന്ന് പ്രസാദം ഏറ്റുവാങ്ങി. ക്ഷേത്രാങ്കണത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ കാവിൻപുറം ദേവസ്വം മാനേജർ ടി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ പുളിക്കൽ, വിജയകുമാർ ചിറയ്ക്കൽ, ടി.എസ്. ശിവദാസ് തുമ്പയിൽ, ഭാസ്‌കരൻ നായർ, ജയചന്ദ്രൻ വരകപ്പിള്ളിൽ, സുരേഷ് ലക്ഷ്മിനിവാസ്, പി.എസ്. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.