rathna

പാലാ: തബലയിലെ പെൺതാളം രത്‌നശ്രീ അയ്യർ നാളെ കിടങ്ങൂർ കാവാലിപ്പുഴക്കടവിലെ പഞ്ചാര മണൽപ്പരപ്പിൽ എത്തും. ദക്ഷിണേന്ത്യയിലെ ആദ്യ പ്രൊഫഷണൽ വനിതാ തബലിസ്റ്റായ രത്‌നശ്രീ അയ്യർ വൈകിട്ട് 4.30 മുതൽ ഒരു മണിക്കൂറോളം തബലയിലൂടെ മാന്ത്രിക വിരലുകൾ ചലിപ്പിക്കും. കാവാലിപ്പുഴ കടവ് മിനിബീച്ചിനെക്കുറിച്ച് പുറംലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫർ രമേശ് കിടങ്ങൂരിന്റെ ക്ഷണപ്രകാരമാണ് രത്‌നശ്രീ അയ്യർ എത്തുന്നത്.
ഇതിനോടകം നിരവധിപേരെ ആകർഷിച്ചിട്ടുള്ള മിനി ബീച്ചിൽ വച്ച് തബലവാദനം നടത്തുന്നതിനൊപ് പംഫോട്ടോ ഷൂട്ട് കൂടിയുണ്ടാകും. ഹൈദരാബാദിൽ നിന്നു തബലയിൽ ഡിപ്ലോമനേടിയ രത്‌നശ്രീ അയ്യർ കോലാപ്പൂരി ശിവജി യൂണിവേഴ്‌സിറ്റിയിൽ നിന്നു തബലയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വൈക്കം, തലയാഴം കളപ്പുരയ്ക്കൽ മഠത്തിൽ രാമചന്ദ്ര അയ്യരുടെയും സരോജയുടെയും മകളാണ്. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, സൂര്യ ഫെസ്റ്റിവൽ എന്നിവയിലെല്ലാം വർഷങ്ങളായി തബലയുടെ താളം തീർക്കുന്ന രത്‌നശ്രീ അയ്യർ ആകാശവാണിയുടെ എഗ്രേഡ് ആർട്ടിസ്റ്റുമാണ്.