കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ അയ്യപ്പഭക്തരോട് നടത്തുന്ന വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഭക്തരെ വെല്ലുവിളിച്ച്, ആചാരം ലംഘിച്ച് വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് തടയും. 13 ന് സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമ്മ സമിതി ജില്ലാ കമ്മിറ്റി നടത്തിയ ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയ്യപ്പഭക്തർ പൊലീസ് സ്റ്റേഷനിൽ നിന്നു പാസ് വാങ്ങി വേണം സന്നിധാനത്തെത്താനെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ഇത് കർമ്മസമിതി തള്ളിക്കളയുകയാണ്. പാസ് എടുക്കൽ ബഹിഷ്‌കരിക്കാൻ കർമ്മസമിതി ആഹ്വാനം ചെയ്യും. ഭക്തർക്കൊപ്പം നിൽക്കേണ്ട ദേവസ്വം ബോർഡ് അവരെ തള്ളിപ്പറയുന്നു. ഭക്തർക്ക് പ്രയോജനമില്ലാത്ത ദേവസ്വം ബോർഡ് അടച്ചുപൂട്ടുകയാണ് വേണ്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ രാജിവെച്ച് ഭക്തർക്കൊപ്പം അണിചേരണം. ദേവസ്വം ബോർഡിലുള്ള കള്ളന്മാരെ തീറ്റിപ്പോറ്റാനാണ് ക്ഷേത്രങ്ങളിലെ കാണിക്കപ്പണം ഉപയോഗിക്കുന്നത്. ഇനിമുതൽ ആരും ക്ഷേത്രങ്ങളിലെ കാണിക്കയിൽ പണമിടരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ ദിവസവും യുദ്ധം പ്രഖ്യാപിക്കുകയാണ്. ലെനിനിന്റെയും സ്റ്റാലിന്റെറെയും പിൻഗാമിയെപ്പോലെയാണ് മുഖ്യമന്ത്രി അയ്യപ്പഭക്തരോട് പെരുമാറുന്നത്. ഇത് അവസാനിപ്പിക്കണം. വിശ്വാസികളെ പൊലീസിനെ ഉപയോഗിച്ച് പേടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ പൊലീസുകാരിൽ ഭൂരിപക്ഷവും വിശ്വാസികളാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃകുല ധർമ്മരക്ഷാശ്രമം മഠാധിപതി ആദിമാർഗി മഹാ ചണ്ടാലബാവ മലവാരി ഭദ്രദീപപ്രകാശനം നടത്തി. ശബരിമല കർമ്മസമിതി ജില്ലാ പ്രസിഡന്റ് പി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി. സംസ്ഥാന സെക്രട്ടറി വി.ആർ. രാജശേഖരൻ, വി.എച്ച്.പി. ജില്ലാ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്‌ണൻ, ശബരിമല കർമ്മസമിതിയംഗം കെ.പി. ഗോപിദാസ്, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ, സാമുദായിക സംഘടനാ പ്രതിനിധികൾ തുടങ്ങിയർ പ്രസംഗിച്ചു. സ്‌ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.