വൈക്കം: ദേശാധിപതിയായ അച്ഛന്റെ തൊടിയിലെ രുദ്രാക്ഷം ദേവസേനാപതിയായ മകന് മാലയായി. മൂന്ന് മുഖമുള്ള 54 രുദ്രാക്ഷം വെള്ളി കെട്ടി മാലയാക്കി സമർപ്പിച്ചത് ചെന്നൈ കോടമ്പാക്കത്ത് വ്യവസായിയായ കൃഷ്ണമൂർത്തിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗാർഡ് ആയിരുന്ന ദിലീപ് കുമാർ 2005 ൽ വൈക്കം ക്ഷേത്രത്തിൽ ഗാർഡ് റൂമിന്റെ പടിഞ്ഞാറ് ഭാഗത്ത് നട്ട രുദ്രാക്ഷം 2008 ലാണ് കായ്ച്ച് തുടങ്ങിയത്. മൂന്ന് മുഖമുള്ള രുദ്രാക്ഷം അപൂർവമാണ്. ഏകദേശം പത്തു മാസം മരത്തിൽ കിടന്ന് പാകമായത് താഴെ വീഴുമ്പോൾ ശേഖരിച്ച് ആഴ്ചകൾ നല്ലെണ്ണയിൽ ഇട്ടുവച്ച ശേഷമാണ് വെള്ളി പൊതിഞ്ഞ് മാലയാക്കിയത്. മുക്കാൽ കിലോ വെള്ളി ഉപയോഗിച്ചാണ് മാലയാക്കിയത്. രണ്ടു വർഷം മുൻപ് ക്ഷേത്രസന്നിധിയിലെ രുദ്രാക്ഷം ശേഖരിച്ച് വെളളി കെട്ടി മാലയാക്കി കൃഷ്ണമൂർത്തി തിരുനടയിൽ സമർപ്പിച്ചിരുന്നു. ഈ മാല നിത്യേന ചർത്തുന്നുണ്ട്.