കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കിടെ ബാഗിൽ നിന്ന് വിഷപ്പാമ്പ് പുറത്ത്ചാടിയ സംഭവത്തിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി സുനിലിന് ജാമ്യം. പാമ്പിനെ കടത്താനുള്ള ശ്രമമല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇയാളെ വിട്ടയച്ചത്.
ഇന്നലെ രാത്രി 7.30 ഓടെ കൊച്ചിയിൽ നിന്നും ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയതാണ് സുനിൽ. ചെക്ക് ഇൻ കൗണ്ടറിൽ സുരക്ഷ ഉദ്യോഗസ്ഥർ ഹാന്റ് ബാഗ് പരിശോധനയ്ക്കായി തുറന്നപ്പോഴാണ് കൂർക്ക പാക്കറ്റിൽ കടന്ന് കൂടിയ പാമ്പ് പുറത്ത് ചാടിയത്. ഇതോടെ, പരിഭ്രാന്തിയിലായ ജീവനക്കാർ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് സുനിലിനെ സി.ഐ.എസ്.എഫ് പിടികൂടുകയും നെടുമ്പാശേരി പൊലീസിന് കൈമാറുകയുമായിരുന്നു.
അവധിക്ക് നാട്ടിലെത്തിയ സുനിൽ നാട്ടിലെ കൃഷിയിടത്തിൽ നിന്നാണ് രണ്ട് കിലോ ഗ്രാം കൂർക്ക വാങ്ങിയത്. പാക്കറ്റിലാക്കി നൽകിയ കൂർക്ക സുനിൽ വീട്ടിലെത്തി മറ്റൊരു പാക്കറ്റിൽ കൂടി പൊതിഞ്ഞ് ഹാൻഡ് ബാഗിൽ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയത്. സംഭവത്തെ തുടർന്ന് ഇയാളുടെ യാത്ര മുടങ്ങി. ഉഗ്രവിഷമുള്ള വളവളപ്പൻ പാമ്പാണ് കൂർക്ക പാക്കറ്റിൽ കടന്ന് കൂടിയത്. അതേസമയം, പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചേനെ. വിമാനത്തിനകത്ത് വച്ച് യാത്രക്കാരൻ ബാഗ് തുറന്നിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ.