കോട്ടയം:പ്രളയാനന്തര കേരളത്തിൽ അതിജീവനത്തിന്റെ പ്രതീകമായിമാറിയ ചേക്കുട്ടിപ്പാവ വീര കഥാപാത്രമായി കഥകളിലേയ്ക്കും ചേക്കേറുന്നു. മലയാളത്തിലെ എഴുത്തുകാർ കുട്ടികൾക്കായാണ് ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കി പുസ്തകമെഴുതുന്നത്. ആദ്യപുസ്തകം കവി വീരാൻകുട്ടി എഴുതിയ 'പറന്ന് പറന്ന് ചേക്കുട്ടിപ്പാവ 'ശിശുദിനമായ 14 ന് പുറത്തിറങ്ങും. നോവലിസ്റ്റ് സേതു, കവി എം ആർ രേണുകുമാർ തുടങ്ങി നിരവധി എഴുത്തുകാർ കുട്ടികൾക്കായി ചേക്കുട്ടി കഥകൾ എഴുതുന്നുണ്ട്. . മലയാള പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങൾ രൂപപ്പെടുത്തിയ കഥാപാത്രം കഥാ നായകനായി നോവലുകളെഴുതപ്പെടുന്നത്.
ആഗസ്റ്റിലെ മഹാ പ്രളയത്തിൽ ഉപയോഗശുന്യമായ ചേന്ദമംഗലം കൈത്തറി തുണികൾ കൊണ്ട് നിർമ്മിച്ച ചേക്കുട്ടിപ്പാവ പിന്നീട് അതിജീവനത്തിന്റെ അടയാളമായി മാറുകയായിരുന്നു. സ്‌കൂൾകുട്ടികളും വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളും മുന്നിട്ടിറങ്ങി നിർമ്മിച്ച ലക്ഷക്കണക്കിന് പാവകളാണ് കേരളത്തിലുടനീളം വിറ്റുപോയത്. ഫാഷൻ ഡിസൈനറായ ലക്ഷ്മി എൻ മേനോന്റെയും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഗോപിനാഥ് പാറയിലിന്റെയും ആശയമായിരുന്നു ചേക്കുട്ടിപ്പാവ. ചിത്രകാരനായ റോണിദേവസ്യയാണ് ചേക്കുട്ടിയ്ക്ക് രൂപഭാവങ്ങൾ നൽകിയിരിക്കുന്നത്. കുട്ടികളെ അവർ കാണാത്ത ചുറ്റുപാടുകളിലേക്ക് നയിക്കുന്ന കുട്ടുകാരനായാണ് ചേക്കുട്ടിപ്പാവയെ വീരാൻകുട്ടി ആവിഷ്‌കരിക്കുന്നത്. അമാനുഷശക്തിയും പറക്കാനുള്ള കഴിവുമുണ്ട് ഇതിലെ ചേക്കുട്ടിയ്ക്ക്.