ashtami

വൈക്കം: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിനും കൊടിയേ​റ്റാനുള്ള കൊടിക്കൂറ ഇരുക്ഷേത്രങ്ങളിലും കൊടിമരത്തിന് മുന്നിൽ ആചാരപൂർവം സമർപ്പിച്ചു.വടയാർ ആലുങ്കൽ ആർ.പ്രതാപചന്ദ്രനാണ് കൊടിക്കൂറകൾ വഴിപാടായി സമർപ്പിച്ചത്. ആദ്യം ഉദയനാപുരം ക്ഷേത്രത്തിൽ കൊടിക്കൂറ സമർപ്പിച്ചു. കൊടിമരത്തിന് മുന്നിൽ ദീപം തെളിയിച്ച് ഇലയിട്ട് കൊടിക്കൂറ സമർപ്പിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ ശിവശങ്കരമാരാർ, മേൽശാന്തിമാരായ ആഴാട് നാരായണൻ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, എറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിക്കൂറ ഏ​റ്റുവാങ്ങി.
വൈക്കം ക്ഷേത്രത്തിൽ ആനക്കൊട്ടിലിൽ കൊടിമരത്തിന് മുന്നിൽ ഇലയിട്ട് ദീപം തെളിയിച്ച് കൊടിക്കൂറ സമർപ്പിച്ചു. അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ പ്രസാദ് ആർ.നായർ കൊടിക്കൂറ ഏ​റ്റുവാങ്ങി. ഉപദേശകസമിതി ഭാരവാഹികളായ ഡി.സോമൻ, പി.എം.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷമാണ് ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ സമർപ്പണം നടത്തിയത്. ചമയ നിർമ്മാതാവ് ചെങ്ങന്നൂർ മുണ്ടൻകാവ് പാണംപറമ്പിൽ കെ.ജി. സാജനാണ്‌ കൊടിക്കൂറ തയാറാക്കിയത്.