kavya

തലയോലപ്പറമ്പ് : സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നു തവണ സ്വർണ മെഡലും നാലുതവണ വെള്ളി മെഡലും നേടി. കേരളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ഹോക്കി നാഷണൽ ചാമ്പ്യൻ ഷിപ്പുകളിൽ കളിക്കുകയും ഗോൾ നേടുകയും ചെയ്തു. കായിക രംഗത്തെ ഈ കുതിപ്പുകൾക്കിടയിലും വെള്ളൂർ ചന്ദ്രാമലയിൽ കാവ്യ മനോജിന് കയറിക്കിടക്കാൻ സുരക്ഷിതമായ ഒരിടമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ പ്രളയത്തിൽ ഷീറ്റ് മേഞ്ഞ കൂര ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയതോടെ ഭിത്തിക്ക് വിള്ളൽ വീണ് പൂർണമായി തകർന്ന നിലയിലായി. അച്ഛൻ മനോജും അമ്മ ഷൈലയും കൂലിപ്പണി എടുത്താണ് നിത്യവൃത്തികഴിഞ്ഞുപോകുന്നത്. വീടിന് വേണ്ടിയുള്ള അപേക്ഷ പഞ്ചായത്തിലും വില്ലേജിലുമൊക്കെ നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.കോട്ടയം ഗവ.കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ കാവ്യ വൈക്കം കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ 20 കുട്ടികൾക്കും വഴിത്തല സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്കും ഒഴിവുദിവസങ്ങളിൽ പരിശീലനം നൽകുന്നുണ്ട്.

ലൈഫ് പദ്ധതി പ്രകാരം വീട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭവന നിർമ്മാണത്തിനാവശ്യമായ ഫണ്ട് ലഭിക്കും.

ശാലിനിമോഹൻ

(വാർഡ് മെമ്പർ)