പൊൻകുന്നം:ശബരിമല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രമുഖ ഇടത്താവളങ്ങളായ ചിറക്കടവ് മഹാദേവ ക്ഷേത്രം,കൊടുങ്ങൂർ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി.ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ അയ്യപ്പന്മാർക്ക് ദർശനത്തിനും വിരിവയ്ക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സബ്ഗ്രൂപ്പ് ഓഫിസർ ആർ. പ്രകാശ് പറഞ്ഞു. 17 മുതൽ 24 മണിക്കൂറും ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തിക്കും. ക്ഷേത്രക്കുളത്തിൽ ഒരേസമയം 500 പേർക്ക് കുളിക്കാൻ സൗകര്യമുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.വടക്കൻകേരളത്തിൽ നിന്നുള്ള തീർത്ഥാടകരാണ് പതിവായി ഇവിടെയെത്തി വിരിവെയ്ക്കാറുള്ളവരിൽ ഏറെയും.

ദേശീയപാതയിലെ പ്രധാന ഇടത്താവളമായ കൊടുങ്ങൂർ ദേവിക്ഷേത്രത്തിൽ അയ്യപ്പന്മാരെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി വി.സി.റെനീഷ്‌കുമാർ പറഞ്ഞു. ഒരേസമയം 150 ലേറെ തീർത്ഥാടകർക്ക് വിരിവെച്ച് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും.ആവശ്യമുള്ളവർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി പാചകപ്പുരയിലും പുറത്തും സൗകര്യങ്ങൾ ഏർപ്പെടുത്തും.

ചിറക്കടവ് ക്ഷേത്രം

മതിൽക്കെട്ടിന് പുറത്ത് 500 പേർക്ക് വിശ്രമിക്കാവുന്ന ഓഡിറ്റോറിയം

ക്ഷേത്രത്തിൽ 300 പേർക്ക് വിശ്രമിക്കാൻ സ്ഥലം

അന്നദാനവും ചുക്കുകാപ്പി വിതരണവും

കൊടുങ്ങൂർ ക്ഷേത്രം

24 മണിക്കൂറും ഇൻഫർമേഷൻ സെന്റർ

രാത്രി ചുക്കുകാപ്പിവിതരണം

ശൗചാലയം

ക്ഷേത്രവളപ്പിൽ പാർക്കിംഗ് സൗകര്യം