photo

കോട്ടയം: ആരും വിശ്രമിക്കാത്ത ഒരിടം, താഴത്തങ്ങാടിയിലെ സായാഹ്ന വിശ്രമകേന്ദ്രത്തെ ഇങ്ങനെയും വിളിക്കാം. ഇവിടെ ഒരു അതിഥിയെ കണ്ടിട്ട് വർഷങ്ങളായി. ലക്ഷങ്ങൾ ചെലവഴിച്ച് കോട്ടയം നഗരസഭ നിർമ്മിച്ച വിശ്രമകേന്ദ്രം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പല ഭാഗങ്ങളും കാടുകയറി നാശത്തിന്റെ വക്കിലും. എന്നിട്ടും അധികൃതർ മാത്രം ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.

2003 ൽ ബി.ഗോപകുമാർ നഗരസഭാ ചെയർമാനിരിക്കുന്ന വേളയിലാണ് കുളപ്പുരക്കടവിൽ താഴത്തങ്ങാടി ആറിനോട് ചേർന്ന് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടത്. കുട്ടികൾക്ക് കളിക്കാനായുള്ള കളിക്കോപ്പുകൾ, ഊഞ്ഞാൽ, ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി 2005 ൽ വിശ്രമകേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കൃത്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താതായതോടെ വിശ്രമകേന്ദ്രം നശിച്ചു തുടങ്ങി. താഴത്തങ്ങാടിയിലെ എല്ലാ മാലിന്യങ്ങളും തള്ളുന്നത് ഇതിന് സമീപമാണ്. ഇതിനകത്ത് ലൈബ്രറി ആരംഭിക്കുന്നതിനായി നഗരസഭ പണികഴിപ്പിച്ച കെട്ടിടവും ജീർണാവസ്ഥയിലാണ്. താഴത്തങ്ങാടി വള്ളംകളിക്ക് പവലിയൻ കെട്ടാനും ഫിനിഷിംഗ് പോയിന്റായും ഈ ഭാഗം ഉപയോഗിക്കുന്നുണ്ട്. ഈ സമയമാകുമ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണവും തകൃതിയാണ്.


ഇരിപ്പിടങ്ങൾ ഇളകി അപകടാവസ്ഥയിൽ

കളിക്കോപ്പുകൾ കാലപ്പഴക്കത്താൽ നശിച്ചു

ചരിത്രമുറങ്ങുന്ന താഴത്തങ്ങാടി

1400 വർഷം പഴക്കമുള്ള താഴത്തങ്ങാടി ജുമാമസ്‌ജിദ്, ഇതിന് സമീപം മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന തളിയിൽ മഹാദേവക്ഷേത്രം, വലിയ പള്ളി എന്നിവ സന്ദർശിക്കാൻ നിരവധിപ്പേർ എത്തുന്നുണ്ട്. ഇവർക്ക് വിശ്രമിക്കാൻ സ്ഥലമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

'' സായാഹ്ന വിശ്രമകേന്ദ്രം നവീകരിച്ച് താഴത്തങ്ങാടി വള്ളം കളി കാണുന്നതിനായി ആധുനിക സൗകര്യങ്ങളോടെയുള്ള ഗാലറി, ഷോപ്പിംഗ് കോപ്ലക്സ് എന്നിവ നിർമ്മിക്കാനുള്ള പദ്ധതി ഈ വർഷത്തെ ബഡ്‌ജറ്റിൽ പരിഗണിക്കുന്നുണ്ട്.

കെ.എം കുഞ്ഞുമോൻ (കൗൺസിലർ)

'' താഴത്തങ്ങാടി കോട്ടയത്തിന്റെ സാംസ്‌കാരികഹബ്ബാണ്. ഈ സായാഹ്നവിശ്രമകേന്ദ്രത്തെ നഗരസഭ മന:പൂർവം അവഗണിക്കുകയാണ്. നിലവിലുള്ളത് പരിപാലിക്കാൻ കഴിയാത്ത നഗരസഭയാണ് പുതിയ പദ്ധതിയെ കുറിച്ച് പറയുന്നത് ''

പ്രൊഫ. ഷാവാസ് ഷെറീഫ് (താഴത്തങ്ങാടി മുസ്ലിം കൾച്ചറൽ ഫോറം ചെയർമാൻ)