photo

ചങ്ങനാശേരി: ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേരെ ജില്ലാ പൊലീസ് മേധാവിയുടെ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് പിടികൂടി. അടൂർ പെരങ്ങനാട് നെല്ലിമുകൾ വിളയിൽ ജയകുമാർ (42), കോഴഞ്ചേരി മുല്ലപ്പുഴശ്ശേരി ഇലന്തൂർ പതാലിൽ പ്രശാന്ത് (കുട്ടച്ചൻ 31), പുനലൂർ മൂസാവരി ഷീജാ മൻസിലിൽ നൗഫൽ (44) എന്നിവരാണ് പിടിയിലായത്. തെങ്കാശിയിൽ നിന്നു പുകയില ഉത്പന്നങ്ങൾ വാങ്ങി ജയകുമാറിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ സൂക്ഷിച്ച് വിവിധ ജില്ലകളിലേക്ക് ആവശ്യക്കാർക്കും വിതരണം ചെയ്യുകയായിരുന്നു. ചെറുകിട കച്ചവടക്കാരാണെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇവരെ കുടുക്കിയത്. പിടികൂടുന്ന സമയത്ത് രണ്ട് കാറുകളിലായി പത്ത് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുണ്ടായിരുന്നു. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ജയകുമാർ നിരവധി അബ്കാരി കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. വിനോദ്, എസ്.ഐ എം.ജെ. അഭിലാഷ്, ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. റജി, പ്രദീപ്‌ലാൽ, അൻസാരി, പ്രതീഷ്‌രാജ്, രജനീഷ്, അരുൺ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.