വൈക്കം: അഷ്ടമിക്ക് മുന്നോടിയായുള്ള സമൂഹ സന്ധ്യ വേല ഇന്ന് ആരംഭിക്കും. ആദ്യദിനം വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയാണ്. സന്ധ്യ വേലയുടെ പ്രാതലിനുള്ള അരിയളക്കൽ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രകലവറയിൽ സമൂഹം പ്രസിഡന്റ് പി. ബാലചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി, ശിവരാമകൃഷ്ണൻ, വെങ്കിടേശ്വരൻ, പി.വി രാമനാഥൻ, ഹരിഹര ശർമ്മ, ആനന്ദ്, അർജുൻ എന്നിവർ പങ്കെടുത്തു. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയുടെ പ്രധാന ചടങ്ങായ ഒറ്റപ്പണം സമർപ്പിക്കൻ ഇന്ന് ദീപാരാധനയ്ക്കു ശേഷം ബലിക്കൽ പുരയിൽ നടക്കും. വെള്ള പട്ട് വിരിച്ച് സമൂഹത്തിന്റെ ആദ്യ അംഗങ്ങളെന്ന് വിശ്വാസത്തിൽ വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കുുടുംബങ്ങളായ ഭദ്രകാളി മറ്റപ്പള്ളി, കിഴക്കിനിയേടത്ത് മേക്കാട് ഇല്ലങ്ങൾ, മേൽശാന്തിമാർ, കീഴ്ശാന്തിമാർ, മൂസതുമാർ, കിഴിക്കാർ, പട്ടോലക്കാർ എന്നിവരുടെ പേരുകൾ യഥാക്രമം ഒറ്റപ്പണം സമർപ്പിക്കാൻ വിളിക്കും. തുടർന്ന് ഭക്തർക്ക് അവസരം നല്കും. പിന്നീട് പണം കിഴികെട്ടി തലച്ചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ദേവസ്വം ഓഫിസിൽ എൽപ്പിക്കും. അതിൽ നിന്നും ഒരു സമൂഹം ഭാരാവാഹി ഒരു നാണയം എടുത്ത് കിഴികെട്ടി സൂക്ഷിക്കും. ഈ പണം അടുത്ത സന്ധ്യ വേലക്കായി ഉപയോഗിക്കും. രാവിലെയും വൈകിട്ടും ആനപ്പുറത്തു ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, അഭിഷേകങ്ങൾ പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ ചടങ്ങുകൾ