കോട്ടയം: ലോക് സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും കർഷക സമരപരിപാടികളുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേരളകോൺഗ്രസ് (എം) സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരൽക്കുന്നിൽ നടക്കും. യു.ഡി.എഫ് വിടാനുള്ള നിർണായക തീരുമാനം മാണി ഗ്രൂപ്പ് എടുത്തത് രണ്ടു വർഷം മുമ്പ് ചരൽക്കുന്നിൽ യോഗം ചേർന്നായിരുന്നു. യു.ഡി.എഫിൽ തിരിച്ചെത്തിയ ശേഷം ആദ്യമായാണ് മാണി ഗ്രൂപ്പ് യോഗം വീണ്ടും ചരൽക്കുന്നിൽ നടക്കുന്നത്.

മാണി ഗ്രൂപ്പിന് ലഭിച്ച കോട്ടയം സീറ്റിൽ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച പ്രാഥമിക ചർച്ച ക്യാമ്പിലുണ്ടാകുമെന്ന് ഉന്നത നേതാവ് അറിയിച്ചു. ജോസ് കെ . മാണി രാജ്യസഭാംഗമായ ശേഷം നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ജയം മാത്രമല്ല ജോസ് കെ. മാണിക്ക് ലഭിച്ച ഒന്നേകാൽലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നിലനിറുത്താൻ ആവശ്യമായ നടപടികളും യോഗം ചർച്ച ചെയ്യും. റബർ വിലയിടിവ് , പട്ടയം അടക്കമുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തിയുള്ള സമര പരിപാടികൾക്കും സമ്മേളനം രൂപം നൽകും.

രണ്ടു ദിവസത്തെ ക്യാമ്പിൽ മുതിർന്ന നേതാക്കളടക്കം നാനൂറോളം പ്രതിനിധികൾ പങ്കെടുക്കും. 15ന് രാവിലെ പാർട്ടി ചെയർമാൻ കെ.എം.മാണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 16ന്. വൈകിട്ട് ഏഴിന് സമാപന സമ്മേളനം നടക്കും.

നിഷ കോട്ടയത്ത് മൽസരിക്കില്ല: ജോസ് കെ. മാണി

കോട്ടയം ലോക് സഭ സീറ്റ് കോൺഗ്രസിന് നൽകി പകരം ഇടുക്കി ഏറ്റെടുക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. കോട്ടയത്ത് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടുള്ളതാണ്. അതിൽ മാറ്റമുണ്ടാകില്ല. ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കുമെന്നത് അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. നിഷ ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കുമെന്നചില കേന്ദ്രങ്ങളുടെ പ്രചാരണവും ശരിയല്ല. കോട്ടയത്ത് മത്സരിക്കാൻ പാർട്ടിക്ക് കഴിവുള്ള നിരവധി സ്ഥാനാർത്ഥികളുണ്ട്. ആരെന്ന് ചർച്ച ചെയ്തു തീരുമാനിക്കും. കോട്ടയത്ത് യു.ഡി.എഫിന് വലിിയ ഭൂരിപക്ഷത്തിൽ ജയിക്കാവുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴുമുളളതെന്നും ജോസ് കെ. മാണി പറ|ഞ്ഞു.