പാലാ: എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും പുരുഷവിഭാഗത്തിൽ കോതമംഗലം എം.എ.കോളേജും മുന്നിലാണ്. വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളേജും ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും തമ്മിലാണ് പോരാട്ടം. അഞ്ച് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 79 പോയിന്റാണ് പാലാ അൽഫോൻസാ കോളേജിനുള്ളത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 77 പോയിന്റാണ് നേടിയത്. 33 പോയിന്റ് നേടി കോതമംഗലം എം.എം, കോളേജ് മൂന്നാമതുണ്ട്.

പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എം കോളേജിന് എട്ട് സ്വർണവും എട്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 111.5 പോയിന്റുണ്ട്. 33.5 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജ് രണ്ടാം സ്ഥാനത്തും 26 പോയിന്റോടെ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മൂന്നാം സ്ഥാനത്തുമാണ്. ആദ്യ ദിനത്തിൽ മൂന്ന് മീറ്റ് റെക്കാഡുകളുണ്ട്.വനിതകളുടെ നൂറ് മീറ്റർ ഓട്ടത്തിൽ അൽഫോൻസാ കോളേജിലെ സിമി എൻ.എസ്.,പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എ. കോളേജിലെ മുഹമ്മദ് അജ്മൽ എന്നിവർ റെക്കാഡിനുടമയായി. എം.എ കോളേജിലെ തോമസ് അബ്രാഹം 20000 മീറ്റർ നടത്തത്തിൽ റെക്കോഡ് നേടി.