ottappanam

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയുടെ ഭാഗമായ ഒറ്റപ്പണം സമർപ്പിക്കൽ ആചാരപൂർവം നടന്നു. ദീപാരാധനയ്ക്ക് ശേഷം ബലിക്കൽപുരയിൽ വെള്ള പട്ടുവരിച്ച് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്ത് പെരുംതൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കിഴക്കിനേടത്ത് മേക്കാട് ഇല്ലം, തന്ത്രി ദദ്രകാളി മറ്റപ്പള്ളി ഇല്ലം, മേൽശാന്തിമാർ, കീഴ്ശാന്തിമാർ, കിഴക്കേടത്ത് മൂസത് , പടിഞ്ഞാറേടത്ത് മൂസത്, കിഴിക്കാർ, പട്ടോ ലക്കാർ എന്നിവരെ യഥാക്രമം ഒറ്റപ്പണം സമർപ്പിക്കാൻ സമൂഹം സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി വിളിച്ചു. തുടർന്ന് ഭക്തജനങ്ങളും പണം സമർപ്പിച്ചു. കിഴി പണം കെട്ടി തലയിൽ ചുമന്ന് പ്രസിഡന്റ് പി. ബാലചന്ദ്രൻ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി പണം കൊടിമര ചുവട്ടിൽ സമർപ്പിച്ചു. അവിടെ നിന്നും തലയിൽ എടുത്ത് എണ്ണി തിട്ടപ്പെടുത്തി ദേവസ്വം അധികാരികളെ എൽപ്പിച്ചു. അതിൽ നിന്നും ഒരു പണം കിഴിയാക്കി എടുത്തു. ഈ പണം അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങിനായി ഉപയോഗിക്കും. ചടങ്ങിൽ ശിവരാമകൃഷ്ണൻ, പി.വി രാമനാഥൻ, അർജുൻ, സച്ചിതാനന്ദൻ, ശങ്കർ, വൈദ്യനാഥൻ എന്നിവർ പങ്കെടുത്തു.