കോട്ടയം: മണ്ഡല തീർത്ഥാടനം നാളെ ആരംഭിക്കാനിരിക്കെ പ്രധാന ഇടത്താവളങ്ങളിലൊന്നായ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ക്ലോക്ക് റൂം പൂട്ടി എണ്ണക്കച്ചവടക്കാർക്ക് ഗോഡൗണിനായി കൊടുത്തു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ ചെരിപ്പും ബാഗും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനായിരുന്നു കിഴക്കേ നടയ്ക്ക് സമീപം സൗജന്യ സേവനത്തോടെ ക്ലോക്ക് റൂം തുറന്നത്. ഇതാണിപ്പോൾ എണ്ണ വില്പനക്കാർക്ക് ലേലത്തിന് നൽകിയത്. രാവിലെ ഓഫീസുകളിലും മറ്റും പോകുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ഭക്തജനങ്ങളുടെ ബാഗുകൾ സൂക്ഷിക്കാൻ നിലവിൽ ക്ഷേത്രത്തിൽ സ്ഥലമില്ല. പൊതിച്ചോറടക്കം ബാഗുമായി ക്ഷേത്രത്തിനുള്ളിൽ കയറേണ്ട ഗതികേടിലാണ് ഭക്തജനങ്ങൾ. ചിലരാകട്ടെ തേങ്ങ, പൂജാദ്രവ്യ സാധനങ്ങൾ വില്ക്കുന്നിടത്താണ് ബാഗും മറ്റും നൽകുന്നത്. ചെരിപ്പ് മോഷണം ക്ഷേത്രത്തിൽ നിത്യസംഭവമാണെന്ന ആക്ഷേപവുമുണ്ട്. ക്ലോക്ക് റൂമിൽ സാധനങ്ങൾ സൂക്ഷിക്കാൻ ആരും വരാത്തതിനാലാണ് എണ്ണക്കച്ചവടക്കാർക്ക് നൽകിയതെന്നാണ് ദേവസ്വം അധികൃതരുടെ ന്യായം.

മണ്ഡല ഒരുക്കങ്ങൾ ഇങ്ങനെ

ക്ഷേത്രക്കുളത്തിന് സമീപം 26 ശുചിമുറികൾ തുറക്കും

തീർത്ഥാടകർക്ക് ക്ഷേത്ര മൈതാനത്ത് ചുക്കുവെള്ളം

ശിവശക്തി ഓഡിറ്റോറിയത്തിൽ വിരിവയ്ക്കാൻ സൗകര്യം

ശാസ്താ നടയിൽ കെട്ടു മുറുക്കുന്നതിന് 6 ഗുരുസ്വാമിമാർ

ക്ഷേത്ര മൈതാനത്ത് പൊലീസ് എയ്ഡ് പോസ്റ്റ്

ക്ഷേത്രപരിസരം കാമറ നിരീക്ഷണത്തിൽ

(ഈ സൗകര്യങ്ങളെല്ലാം നിലവിലുള്ളതാണ്.പുതുതായി ഒന്നുമേർപ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം)