ashtami

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് ഇന്ന് കൊടിയേറും. ആചാരനിറവിൽ ഇന്നലെ കൊടിയേറ്ററിയിപ്പ് നടന്നു. പ്രഭാത ശ്രീബലിക്ക് ശേഷം അവകാശിയായ ഉദയനാപുരം വാതുകോടത്ത് സുബ്രഹ്മണ്യൻ മൂസത് ദേവന്റെ നടയ്ക്കൽ നിന്നു അനുവാദം വാങ്ങി ഓലക്കുടയും ചൂടി ചമയങ്ങളില്ലാതെ ആനപ്പുറത്തേറി എഴുന്നള്ളി വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തി. പന്തീരടി പൂജ കഴിഞ്ഞ് മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി നടതുറന്ന സമയം ശ്രീകോവിലിന് മുന്നിലെത്തി മൂസത് ഉദയനാപുരം ക്ഷേത്രത്തിലെ മുഹൂർത്ത ചാർത്ത് വായിച്ചു. തുടർന്ന് പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര കുന്തി ദേവീ ക്ഷേത്രത്തിലും ഇണ്ടം തുരുത്തി ദേവീ ക്ഷേത്രത്തിലും കൊടിയേറ്ററിയിച്ചു. രാവിലെ 6.30 നും 8.30 നും ഇടയിൽ തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി , ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 23 നാണ് തൃക്കാർത്തിക. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.