photo

കോട്ടയം: ഉപഭോക്തൃ കോടതിക്കായി ലക്ഷങ്ങൾ ചെലവഴിച്ച് വിജയപുരത്ത് നിർമ്മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. 2009 ൽ വി.എസ് സർക്കാരിന്റെ കാലത്താണ് പഞ്ചായത്ത് ഏഴാം വാർഡിൽ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഫണ്ടിന്റെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി ഒരു വർഷം തികയും മുമ്പേ നിർമ്മാണം പാതിവഴിയിൽ നിറുത്തിവച്ചു. നിർമ്മാണം പുന:രാരംഭിക്കാനുള്ള ഒരു നടപടിയും കൺസ്യൂമർ കോർട്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മഴയും വെയിലുമേറ്റ് നശിക്കുന്ന കെട്ടിടം ബഡ്‌സ് സ്‌കൂൾ, ആയുർവേദ ആശുപത്രി തുടങ്ങിയവ ആരംഭിക്കുന്നതിനായി വിട്ടുതരണമമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കൺസ്യൂമർ സൊസൈറ്റിയെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. നിരവധി സർക്കാർ സ്ഥാപനങ്ങൾ വൻ തുക നൽകി വാടക കെട്ടിടങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്.

മാസ് കമ്യൂണിക്കേഷന്റെ നാല് ഏക്കർ സ്ഥലത്ത് നിന്നു 20 സെന്റ് സ്ഥലമാണ് കൺസ്യൂമർ കോർട്ടിന്റെ നേതൃത്വത്തിൽ ഉപഭോക്തൃ കോടതി കെട്ടിടം നിർമ്മിക്കാനായി വാങ്ങിയത്. കോട്ടയം നഗരത്തിൽ നിന്നു ഉപഭോക്തൃ കോടതി വിജയപുരത്തേക്ക് മാറ്റുന്നതിനോട് താത്പര്യമില്ലാത്ത കൺസ്യൂമർ കോർട്ട് ഉദ്യോഗസ്ഥർ തന്നെയാണ് കെട്ടിട നിർമ്മാണത്തിന് തടസം നിൽക്കുന്നതെന്നാണ് ആക്ഷേപം.

'' മാസം കുറഞ്ഞത് 5000 രൂപയെങ്കിലും വാടക നൽകിയാണ് നിരവധി സർക്കാർ കെട്ടിടങ്ങൾ വിജയപുരത്ത് പ്രവർത്തിക്കുന്നത്. ഉപഭോക്തൃ കോടതിക്കായുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷയില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ ഏതെങ്കിലും സ്ഥാപനങ്ങൾ ആരംഭിക്കാൻ കെട്ടിടം വിട്ട് നൽകണം.

ബിജു അമ്പലത്തിങ്കൽ (പഞ്ചായത്ത് ക്ഷേമകാര്യ

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)