എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് റോഡിൽ മാലിന്യം
വൈക്കം: '' നിങ്ങൾ കാമറാ നിരീക്ഷണത്തിലാണെന്ന് ! .... പിന്നേ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു. നഗരസഭ ഓഫീസിന് മുന്നിൽ പോലും ഒരു കാമറയില്ല. പിന്നല്ലേ പെരുവഴിയിൽ !ഒരു ബോർഡ് വെച്ച് പറ്റിക്കാമെന്ന് കരുതിയോ ? നഗരസഭയല്ല ആര് പറഞ്ഞാലും ഞങ്ങൾ മാലിന്യം പൊതുസ്ഥലത്ത് തന്നെയിടും ''. ചിലരങ്ങനെയാണ്. ഇവരാണ് അക്ഷരാർത്ഥത്തിൽ സാമൂഹ്യവിരുദ്ധർ. എസ്.എൻ.ഡി.പി യോഗം യൂണിയൻ ഓഫീസ് റോഡ് നഗരഹൃദയത്തിൽ തന്നെയാണ്. ഇവിടെയാണ് ഡംപിംഗ് യാർഡിലേക്ക് എന്നപോലെ ചിലർ മാലിന്യം തള്ളുന്നത്. ഇപ്പോൾ ആകെ ദുർഗന്ധം. റോഡരികിലെ മാലിന്യം മൂലം മൂക്കുപൊത്തിയാണ് യാത്രക്കാർ കടന്നുപോകുന്നത്.
ആര് പേടിക്കാൻ!
മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് കാട്ടിയുള്ള നഗരസഭ സെക്രട്ടറിയുടെ അറിയിപ്പ് ബോർഡിന്റെ ചുവട്ടിൽ തന്നെയുണ്ട് ഒരുകുന്ന് മാലിന്യം. പോളിത്തീൻ കവറുകളിൽ നിറച്ചാണ് മാലിന്യം ഇവിടെ വലിയ തോതിൽ തള്ളുന്നത്.