കോട്ടയം: ദിവസങ്ങളായി മലിനജലം കെട്ടിക്കിടന്ന ശാസ്‌ത്രി റോഡിലെ ഓടയുടെ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുന:രാരംഭിച്ചു. രണ്ട് മാസം മുമ്പ് മാലിന്യം നിറഞ്ഞ് ഓട അടഞ്ഞതോടെ നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഓടയുടെ സ്ലാബ് മാറ്റി മാലിന്യങ്ങൾ നീക്കുന്ന ജോലി ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. ഓടയുടെ മൂടി എടുത്ത് മാറ്റിയതിനാൽ കനത്തമഴയിൽ മലിനജലം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തി. ദുർഗന്ധം പരന്നതോടെ പ്രദേശവാസികൾ നഗരസഭയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് ഓട വൃത്തിയാക്കുന്നതിനുള്ള നടപടികൾ പുന:രാരംഭിച്ചത്. ശുചീകരണത്തിനായി 1 ലക്ഷം രൂപയും അനുവദിച്ചു.
ഓടയിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും എടുത്ത് മാറ്റുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇവിടെ നിന്ന് എടുക്കുന്ന മണ്ണ് താത്കാലികമായി നാഗമ്പടം നഗരസഭ മൈതാനത്താണ് നിക്ഷേപിക്കും. ശുചീകരണ പ്രവർത്തനങ്ങൾ 40 ശതമാനം പൂർത്തിയായതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. 20 അടി താഴ്ചയുള്ള കുഴിയിലേക്കു മണ്ണുമാന്തിയന്ത്രം ഇറക്കി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ശുചീകരണ തൊഴിലാളികൾ ഇറങ്ങി നിന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. ചാക്കിൽ കെട്ടിയാണ് മാലിന്യം കരയ്ക്കെത്തിക്കുന്നത്. യന്ത്ര സഹായമില്ലാത്തതിനാൽ ശുചീകരണം പൂർത്തിയാകാൻ ആറുമാസം വേണ്ടിവരും.
മാലിന്യം പൂർണമായി മാറില്ല
പ്ലാസ്റ്റിക് കുപ്പികൾ, ഹെൽമറ്റ് ,ചെരുപ്പുകൾ തുടങ്ങിയവയാണ് നീക്കം ചെയ്‌ത മാലിന്യങ്ങളിൽ അധികവും. ഓടയുടെ താഴെയായി ആറ് അടിയിലുള്ള മാൻഹോളുണ്ട്. ഇതിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെങ്കിൽ കോൺക്രീറ്റ് സ്ലാബ് മാറ്റണം. എന്നാൽ വർഷങ്ങൾ പഴക്കമുള്ള സ്ലാബ് മാറ്റാൻ കാലതാമസം നേരിടും. സ്ലാബ് മാറ്റിയാലേ മാലിന്യങ്ങൾ കൂടി പൂർണമായി നീക്കം ചെയ്യാനാകൂ.
''ശാസ്ത്രി റോഡിലെ ഓട വൃത്തിയാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓട ആഴംകൂട്ടി നവീകരിക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
ഡോ.പി.ആർ സോന (നഗരസഭ ചെയർപേഴ്‌സൺ)