27000 രൂപയും 15 സ്വർണ്ണനാണയവും കവർന്നു
കോട്ടയം: ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ഭിത്തിതുരന്ന് മോഷണം. ചൊവ്വാഴ്ച അർദ്ധരാത്രിയിയോടെയാണ് മോഷണം നടന്നത്. 27000 രൂപയും ഉപഭോക്താക്കൾക്ക് സമ്മാനിയ്ക്കാനായി കരുതിയ 200 മി.ല്ലി ഗ്രാം തൂക്കമുള്ള 15 സ്വർണനാണയങ്ങളും നഷ്ടപ്പെട്ടു.ബുധനാഴ്ച രാവിലെ കട തുറക്കുമ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. എല്ലാ ദിവസവും രാത്രി 8.30നാണ് കടയടയ്ക്കുന്നത്. മെയിൻ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ സി.സി .ടി.വി പ്രവർത്തരഹിതമായിരുന്നു. ഏറ്റുമാനൂർ സി.ഐ എ.ജെ.തോമസ്, എസ്.ഐ കെ.ആർ.പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.