കോട്ടയം: പാവപ്പെട്ടവരുടെ ശരണ കേന്ദ്രമാകേണ്ട ജില്ലാ ആശുപത്രി രോഗികൾക്ക് 'ദുരിത' കേന്ദ്രമാകുകയാണ്. ചോർന്നൊലിക്കുന്ന കെട്ടിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷവും ആധുനിക ഉപകരണങ്ങളുടെ അപര്യാപ്തതയും രോഗികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.അധികാരികൾ ആശുപത്രിയെ കൈയൊഴിയുമ്പോൾ പാവപ്പെട്ട ജനങ്ങൾ എന്തു ചെയ്യും. മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവുമധികമാളുകൾ ചികിത്സ തേടിയെത്തുന്നത് ജില്ലാ ആശുപത്രിയിലാണ്.

ഇരിപ്പിടങ്ങളിൽ ഇരിക്കരുത്

സുരക്ഷിതമായൊരു ഇരിപ്പിടം ഇല്ലാത്തതാണ് രോഗികളെ ദുരിതത്തിലാക്കുന്നത്. നിന്ന് മടുത്താൽ തുരുമ്പ് പിടിച്ച കസേരകളെയാണ് പലരും ആശ്രയിക്കുന്നത്. ഇത് അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്. കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് കാൽനടയാത്രയ്ക്കും തടസമാകുന്നു.

ടോയ് ലെറ്റുണ്ട്, വാതിലില്ല

ക്യാഷ്വാലിറ്റിക്ക് സമീപം രണ്ട് ടോയ് ലെറ്റുകളുണ്ടെങ്കിലും വാതിലുകളില്ല. ജനലുകളും തകർന്ന നിലയിലാണ്. മലിനജലം സമീപത്തെ ഓടയിലേക്കാണ് ഒഴുക്കി വിടുന്നത്.

നിലംപൊത്താറായി ഒൗട്ട് പോസ്റ്റ്

ആശുപത്രി വളപ്പിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ഒൗട്ട് പോസ്റ്റ് കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. ഷീറ്റുകൾ പൊട്ടിയ നിലയിലാണ്. ചുവരുകൾ ഫ്ലക്സുകൾ കൊണ്ടാണ് മറച്ചിരിക്കുന്നത്. വാതിലിനും ഉറപ്പില്ല.

ഉപകരണങ്ങൾ പ്രവർത്തന രഹിതം

എക്സറേ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഏറെ നാളായി. പുതിയത് ഉടനെത്തിക്കുമെന്നത് പ്രഖ്യാപനമായി തുടരുകയാണ്. പലരും വൻതുക നൽകി സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററുകളെയാണ് ആശ്രയിക്കുന്നത്.

കാമറ കണ്ണ് അടഞ്ഞുതന്നെ

പന്ത്രണ്ടോളം സി.സി.ടി.വി കാമറകളുണ്ടെങ്കിലും ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും മോഷണം തുടർക്കഥയാണ്. രാത്രികാലങ്ങളിൽ ഓട്ടോകളിൽ എത്തി വിലപിടുപ്പുള്ള സാധനങ്ങളും ഹെൽമെറ്റുകളും മോഷ്ടിക്കുന്ന സംഘം സജീവമാണ്. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ആശുപത്രി പരിസരത്തെ ലൈറ്റുകളും കത്തുന്നില്ല.