കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വൈകുന്നത് സീസണിൽ യാത്രക്കാർക്ക് ദുരിതമായി മാറും. സുരക്ഷ അടക്കമുള്ള കാര്യങ്ങൾക്കായി വൻ ക്രമീകരണങ്ങൾ ചെയ്‌തെന്ന് റെയിൽവേ അവകാശപ്പെടുമ്പോഴും, പാർക്കിംഗ് അടക്കമുള്ള പ്രശ്‌നങ്ങൾ ഇപ്പോഴും റെയിൽവേ സ്റ്റേഷനിൽ നിലനിൽക്കുകയാണ്. ക്രമീകരണങ്ങൾ റെയിൽവേ സ്റ്റേഷനിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷയിലുള്ള അനൗൺസ്‌മെന്റ് ഒരുക്കിയിട്ടുണ്ട്. രണ്ട് പ്ലാറ്റ്‌ഫോമിലെയും എസ്‌കലേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഉറപ്പാക്കി. പ്ളാറ്റ്‌ഫോമിൽ സഞ്ചരിക്കുന്നതിന് ബഗി കാറുകളും ക്രമീകരിച്ചു. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പിൽഗ്രിം സെന്റർ പ്രവർത്തനക്ഷമമായി. ഇവിടെ വെള്ളവും വെളിച്ചവും അടക്കമുള്ള ക്രമീകരണങ്ങളും ഒരുക്കി. സ്റ്റേഷനിലെ പ്ളാറ്റ്‌ഫോമിലെ പത്തും, വെയിറ്റിംഗ് മുറികളിലെ ആറും ബാത്ത്റൂമുകൾ ക്രമീകരിച്ചു. സുരക്ഷയ്‌ക്ക് 22 സി.സി.ടി.വി കാമറകൾ റെയിൽവേ സ്റ്റേഷനിലെ സുരക്ഷയ്‌ക്കായി 22 സി.സി.ടി.വി കാമറകളാണ് റെയിൽവേ പൊലീസും, റെയിൽവേ സംരക്ഷണ സേനയും ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകൾ 24 മണിക്കൂറും നീരീക്ഷണത്തിലായിരിക്കും. കഴിഞ്ഞ വർഷങ്ങളിൽ അയ്യപ്പഭക്തരുടെ വേഷത്തിൽ പ്ലാറ്റ്‌ഫോമിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമായിരിരുന്നു. ഇവരെ തടയുന്നതിനായി മഫ്‌തിയിൽ പൊലീസ് സംഘം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇത്തവണയും സമാന രീതിയിൽ തന്നെ പൊലീസ് പട്രോളിംഗ് നടത്തുമെന്ന് റെയിൽവേ എസ്.ഐ ബിൻസ് ജോസഫ് അറിയിച്ചു. പാർക്കിംഗും ബാത്ത്റൂമും പ്രശ്‌നമാകും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗാണ് മണ്ഡല മകരവിളക്ക് സീസണിൽ എല്ലാത്തവണയും പ്രശ്‌നമുണ്ടാക്കുന്നത്. മുൻ വർഷങ്ങളിൽ റബർ ബോർഡ് റോഡിലും ഗുഡ്ഷെഡ് റോഡിലുമായിരുന്നു പാർക്കിംഗ്. എന്നാൽ, പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഈ രണ്ട് റോഡരികിലും വാഹനം പാർക്ക് ചെയ്യുന്നതിനു സൗകര്യം ലഭിക്കില്ല. പമ്പ സർവീസിനു വേണ്ടിയുള്ള വാഹനങ്ങൾക്കൊപ്പം, സ്ഥിരം യാത്രക്കാരുടെ വാഹനങ്ങൾ കൂടി എത്തുന്നതോടെ റെയിൽവേ സ്റ്റേഷനിൽ നിന്നു തിരിയാൻ ഇടമില്ലാതെയാവും. ബാത്ത്റൂമുകളുടെ അഭാവവും റെയിൽവേ സ്റ്റേഷനിൽ ഇക്കുറി പ്രശ്‌നം സൃഷ്‌ടിക്കും.