യാത്രക്കാർക്ക് വിനയായി പാലാ നഗരത്തിലെ ദിശാബോർഡുകൾ
പാലാ: എന്തിനീ ബോർഡ്... വായിക്കാൻ ഭൂതകണ്ണാടി വേണം, ഭേതം ഇതുപോലൊന്ന് ഇല്ലാതിരിക്കുന്നതാ...! പാലാ കൊട്ടാരമറ്റം ജംഗ്ഷനിലെ ദിശാബോർഡിലേക്ക് ചൂണ്ടി യാത്രക്കാർ പരാതി പറയും. ആകെ പായൽ, ബോർഡൊന്ന് വൃത്തിയാക്കിയാൽ മതി. പി.ഡബ്ലി.യു.ഡി ജീവനക്കാർക്ക് അതിനും സമയമില്ലേ... മണ്ഡലകാലമെത്തി, ശബരിമല, ഏറ്റുമാനൂർ, കടപ്പാട്ടൂർ എന്നിവിടങ്ങളിലേക്ക് എത്രയെത്ര തീർത്ഥാടകർ എത്തുന്നതാ. ദിശാബോർഡ് നോക്കിപോയാൽ ആകെ ചുറ്റുമെന്ന് പറഞ്ഞാൽ മതി. തീർന്നില്ല, തൊട്ടപ്പുറത്ത് കുരിശുപള്ളി ജംഗ്ഷനിലുമുണ്ട് ഇതുപോലൊന്ന്. ഏതോ വാഹനം ഇടിച്ചതാ, ദേ ബോർഡ് തല കീഴായി കിടക്കുന്നു. എന്ന് ശരിയാക്കുമെന്ന് ആരും ആരോടും ചോദിക്കരുത്. ഒന്നിനും ഒരു ഉത്തരമില്ല, അതുതന്നെ കാര്യം.
കുരുക്കരുത് പ്ലീസ്
വൃശ്ചികമല്ലേ... ഒന്നും രണ്ടുമല്ല, നഗരത്തിൽ തീർത്ഥാടക വാഹനങ്ങളുടെ ഒഴുക്കാകും. തീർത്ഥാടകർ വഴി അറിയാതെ നഗരത്തിൽ ചുറ്റിയാൽ ആകെ കുരുക്കാകും. അതിന് ഇടവരുത്തരുത്, അത്രമാത്രം.
പാലാ നഗരത്തിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകൾ തീർത്ഥാടകർക്ക് വിനയാകരുത്. ഭക്തരെ സഹായിക്കുന്ന തരത്തിൽ ദിശാബോർഡുകൾ പുന:സ്ഥാപിക്കണം.
സി.പി. ചന്ദ്രൻ നായർ
എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ്
പാലാ വഴി കടന്നുപോകുന്ന അയ്യപ്പഭക്തരെ ചുറ്റിക്കുന്ന നടപടി ക്രൂരമാണ്. ഇത് അംഗീകരിക്കാനാവില്ല. ദിശാബോർഡുകൾ വ്യക്തമായി കാണത്തക്ക വിധം സ്ഥാപിക്കണം.
എ.ജി. തങ്കപ്പൻ
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ