വൈക്കം:കുമാരനെല്ലൂർ കാർത്യായനി ക്ഷേത്രത്തിലെ ഭാരവാഹികൾ ഉദയനാപുരം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി. കുമാരനെല്ലൂർ ക്ഷേത്രത്തിലെ കൊടിയേറ്റും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റും ഒരേ ദിവസമാണ്. ഇരു ക്ഷേത്രങ്ങളിലും വൃശ്ചികമാസത്തിലെ കാർത്തികയാണ് പ്രധാനം. ഉദയനാപുരം ക്ഷേത്രം കാർത്ത്യായനി പ്രതിഷ്ഠക്ക് വേണ്ടിയാണ് പണിതതെന്നും എന്നാൽ കാർത്ത്യായനി ദേവി കുമാരനെല്ലൂരിൽ കുടിയിരിക്കുന്നത് മൂലം അവിടുത്തെ പ്രതിഷ്ഠക്ക് നിർമ്മിച്ച കുമാര വിഗ്രഹം ഉദയനാപുരത്ത് പ്രതിഷ്ഠിക്കേണ്ടതായി വന്നു എന്നുമാണ് ഐതിഹ്യം. ഉദയനാപുരം ക്ഷേത്രത്തിൽ അത്താഴ പൂജയോടനുബന്ധിച്ച് ഭഗവത് സേവ നടത്തുന്നുണ്ട്. ക്ഷേത്രത്തിൽ തെക്കേ ചുറ്റമ്പലത്തിൽ പ്രത്യേകം ഒരുക്കുന്ന പന്തലിലാണ് ഭഗവത് സേവ നടത്തുന്നത്. ഈ സമയം ഭഗവതിയുടെ സന്നിധ്യം ഉണ്ടന്നാണ് വിശ്വാസം. കുമാരനെല്ലൂർ ക്ഷേത്രത്തിൽ 2014ൽ നടന്ന അഗ്‌നി ബാധയെ തുടർന്ന് ദേവഹിതം നോക്കിയതിൽ കുമാരനെല്ലൂരെയും ഉദയനാപുരത്തെയും കൊടിയേറ്റിന് മുൻപ് ഉദയനാപുരത്തപ്പന് വഴിപാടു നടത്തണമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് കുമാരനെല്ലൂർ ക്ഷേത്ര ഭാരവാഹികൾ എല്ലാ വർഷവും ഉദയനാപുരം ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തുന്നു.