കോട്ടയം: യുവതീ പ്രവേശനത്തെച്ചൊല്ലി ശബരിമല സംഘർഷ ഭരിതമായതോടെ, മണ്ഡലകാല വിപണിയിൽ അനക്കമില്ലാതായി. മാല, പൂജാ ദ്രവ്യങ്ങൾ, ഇരുമുടി സാധനങ്ങൾ തുടങ്ങിയവയ്ക്ക് കഴിഞ്ഞ തവണത്തേതിന്റെ പത്ത് ശതമാനം പോലും ഡിമാൻഡില്ല. ഭയപ്പാട് മൂലം ശബരിമലയ്ക്ക് പോകാൻ ആളുകൾ മടിക്കുന്നതാണ് കച്ചവടത്തെ ബാധിച്ചത്.
തുലാമാസത്തിന് രണ്ടാഴ്‌ചമുന്നേ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ചില്ലറക്കച്ചവടക്കാർ സാധനങ്ങൾ കൊണ്ടുപോകുന്നതാണ് പതിവ്. കോട്ടയം, ഇടുക്കി,ആലപ്പുഴ ജില്ലകളിലെ ചെറുകിട കടകളിലേക്ക് പൂജാസാധനങ്ങൾ എത്തിക്കുന്നത് ചങ്ങനാശേരിയിലെയും കോട്ടയത്തെയും മൊത്തക്കച്ചവടക്കാരാണ്. ഇവർക്ക് മാത്രം കച്ചവടത്തിൽ രണ്ട് കോടിയോളം രൂപയുടെ കുറവുണ്ടായി. തുലാമാസ പൂജാസമയങ്ങളിലുണ്ടായ സംഘർഷവും ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോഴുള്ള പ്രശ്‌നങ്ങളും വില്‌പനയെ തളർത്തി.
റിവ്യൂ ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനമുണ്ടായതിന് ശേഷം സാധനങ്ങൾ എടുത്താൽ മതിയെന്നായിരുന്നു ചെറുകിട വ്യാപാരികളുടെ തീരുമാനം. എന്നാൽ, തീരുമാനം കോടതി മണ്ഡലകാലം അവസാനിച്ച ശേഷം പരിഗണിക്കാൻ മാറ്റിയതോടെ, ഇക്കുറി സാധനങ്ങൾ എടുത്തിട്ട് കാര്യമില്ലെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.
വിപണിക്ക് നഷ്‌ടം ₹10 കോടി
ശബരിമല മണ്ഡലകാല സീസൺ അനുബന്ധിച്ചുള്ള മാല, നെയ്യ്, തേങ്ങ, ഇരുമുടിക്കെട്ട്, തോർത്ത് മുണ്ട് എന്നിവയുടെ കച്ചവടത്തിൽ സംസ്ഥാനത്ത് പത്ത് കോടിയോളം രൂപയുടെ കുറവു വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. സീസൺ തുടങ്ങുന്ന ആദ്യ ആഴ്‌ചയിൽ 50,000 മുതൽ ആളുകളാണ് കേരളത്തിൽ നിന്ന് മലകയറുന്നത്. മാലയും പൂജാ സാധനങ്ങളും വസ്ത്രങ്ങളും ഇരുമുടിക്കെട്ടിനുള്ള സാമഗ്രികളും അടക്കം 1,500 മുതൽ 2,000 രൂപവരെ ശരാശരി ചെലവ് വരും.
വിലയിങ്ങനെ (₹)
മാല: 25 -150
തോൾ സഞ്ചി: 35-120
ചെറിയ സഞ്ചി: 10
കറുപ്പുമുണ്ട്: 150 മുതൽ
നെയ്യ്: നൂറ് ഗ്രാം 60
തേങ്ങ: കിലോ 35
''മണ്ഡലകാല സീസണിന് മുന്നോടിയായി നടക്കേണ്ടതിന്റെ പത്ത് ശതമാനം കച്ചവടം പോലും ഇക്കുറി ഇതുവരെ നടന്നിട്ടില്ല. സാധാരണ രണ്ടാംഘട്ട സാധനങ്ങൾ എടുക്കേണ്ട സമയമാണിത്. എന്നാൽ, ആദ്യം കൊണ്ടുവന്ന സാധനങ്ങൾ പോലും വിറ്റുപോയിട്ടില്ല. ചില്ലറക്കച്ചവടക്കാർക്ക് നിർബന്ധിച്ച് സാധനങ്ങൾ നൽകുകയാണ് ഇപ്പോൾ''
രാജേന്ദ്ര കമ്മത്ത്,
മൊത്തവ്യാപാരി