photo

കോട്ടയം: സ്വാതന്ത്യസമരകാലം മുതൽ നാടിന് അക്ഷരം വെളിച്ചം പകർന്ന താഴത്തങ്ങാടി ലൈബ്രറി കാടുകയറി നാശത്തിന്റെ വക്കിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള ജുമാമസ്‌ജിദ്, തളിയിൽക്കോട്ട മഹാദേവക്ഷേത്രം, വലിയപള്ളി തുടങ്ങി ചരിത്രം ഉറങ്ങുന്ന താഴത്തങ്ങാടിയുടെ മണ്ണിൽ ഒരു കാലത്ത് നാടിന് വായനയുടെ പുതുലോകം തുറന്നു കൊടുത്ത ഇക്ബാൽ പബ്ലിക് ലൈബ്രറിയാണ് ആരും തിരിഞ്ഞ് നോക്കാതെ അനാഥമായിരിക്കുന്നത്. ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയ‌ത്നത്തിൽ 1947 ലാണ് താഴത്തങ്ങാടി കോയിപ്പുറത്ത് കുഞ്ഞുമൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കടമുറികളിലൊന്നിൽ വായനശാല ആരംഭിക്കുന്നത്. വാടകയായി പത്തു രൂപ നിശ്ചയിച്ച കെട്ടിട ഉടമ തന്റെ സംഭാവനയായ നാലുരൂപ ഒഴിച്ച് ആറു രൂപ തന്നാൽ മതിയെന്നും സമ്മതിച്ചു. സാഹിത്യകൃതികൾ, വർത്തമാനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ചരിത്രപുസ്‌തകങ്ങൾ, നോവലുകൾ തുടങ്ങി പതിനായിരത്തോളം പുസ്‌തക ശേഖരങ്ങൾ തുടക്കത്തിൽ ലൈബ്രറിയിലുണ്ടായിരുന്നു. അന്യനാടുകളിൽ നിന്നു പോലും ഇക്‌ബാൽ ലൈബ്രറിയിൽ മെമ്പർഷിപ്പ് തേടി ആളുകളെത്തിയിരുന്നതായി പഴമക്കാർ പറയുന്നു. അംഗങ്ങളുടെ വിവാഹവേളയിൽ ലൈബ്രറിയുടെ വകയായി മംഗളപത്രം വധൂവരന്മാർക്ക് സമ്മാനിച്ചിരുന്നു.

 തകർച്ചയുടെ നാളുകൾ

സ്ഥിരം വായനക്കാരിൽ പലരും ജോലി കിട്ടി വിദേശത്തയ്ക്ക് പോയതോടെ അക്ഷരവെളിച്ചം മങ്ങാൻ തുടങ്ങി. 1995 ഓടെ വായനാശാല അടച്ചുപൂട്ടി. പിന്നീട് കാറ്റിലും മഴയിലും മേൽക്കൂരകൾ അടർന്ന് വീണു. കാലക്രമേണ കെട്ടിടത്തിന്റെ പകുതി ഭാഗം ഇടിഞ്ഞു. പുസ്‌തകങ്ങളിൽ ഭൂരിഭാഗവും നശിച്ചുപോയി. ബാക്കിയുള്ളവ പലരും എടുത്ത് കൊണ്ടുപോയി. കെട്ടിടം നവീകരിക്കാൻ പ്രദേശവാസികൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ചപ്പുചവറുകളും ,ജീർണ്ണിച്ച തടി ഉരുപ്പടികളും, ടി.വിയുടെ തകർന്ന ഭാഗങ്ങളും കാണാാൻ സാധിക്കും.

കവി മുഹമ്മദ് ഇക്ബാൽ

ഇന്ത്യൻ സ്വാതന്ത്ര്യസമരം കത്തിനിന്ന കാലത്താണ് താഴത്തങ്ങാടിയിലെ ഒരു കൂട്ടം യുവാക്കൾ വായനശാല ആരംഭിക്കാൻ തീരുമാനിച്ചത്. വീടുകൾ തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ചു. ഗ്രന്ഥശാലയ്ക്ക് പേര് കണ്ടെത്താനും ബുദ്ധിമുട്ടുണ്ടായില്ല. സ്വാതന്ത്ര്യ സമരത്തിന് കാവ്യഭാവനകളാൽ പ്രചോദനമേകിയ ''സാരേ ജഹാം സേ അച്ഛാ ''എന്ന ദേശഭക്തിഗാനത്തിന്റെ രചയിതാവ് ഡോ.അല്ലാമ മുഹമ്മദ് ഇക്ബാലിന്റെ സ്മരണാർത്ഥം ഇക്ബാൽ പബ്ലിക് ലൈബ്രറി എന്ന് പേരു നൽകി.

'' ഓർമ്മയിൽ ആദ്യമായി ടി.വി കാണുന്നത് ഇക്‌ബാൽ ലൈബ്രറിയിൽ നിന്നാണ്. അന്ന് ലോകകപ്പ് കാണാനും മറ്റും താഴത്തങ്ങാടിയിലെ നൂറ് കണക്കിനാളുകളാണ് ഇവിടെയെത്തിയിരുന്നത്. ഒരുപാട് ഓർമ്മകളുള്ള ലൈബ്രറിയാണ് നശിച്ച് നാമവശേഷമായിരിക്കുന്നത്. ''

മുഹമ്മദ് നവാസ് (താഴത്തങ്ങാടി, പ്രദേശവാസി)