വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം അറിയിക്കുന്ന കൊടിയേറ്ററിയിപ്പ് നാളെ നടക്കും. പ്രഭാത ശ്രീബലിക്ക് ശേഷം ശ്രീമഹാദേവനെ പ്രണമിച്ച് അനുവാദം വാങ്ങും. അവകാശിയായ കിഴക്കേടത്ത് ഇല്ലത്ത് ശങ്കരൻ മൂസത് ഓലക്കുട ചൂടി, ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി ദേവി ക്ഷേത്രത്തിലുമെത്തി മൂഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്റ് അറിയിക്കും.. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരത്തെ കൊടിയേറ്റ് വൈക്കത്തപ്പന്റെ നടയിലും അറിയിക്കണമെന്നാണ് ആചാരം. ഉത്സവ വിവരം അതാത് സമയങ്ങളിലെ ഊരാഴ്മക്കാർ ക്ഷേത്ര ഉടമസ്ഥരായ മറ്റ് ഊരാഴ്മക്കാരെ അറിയിക്കുന്നു എന്ന വിശ്വാസത്തിലാണ് കൊടിയേറ്ററിയിപ്പ് നടത്തുന്നത്.
അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ക്ഷേത്ര ശുദ്ധി ഇന്ന് വൈകിട്ട് തുടങ്ങും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ശുദ്ധി 18ന് രാവിലെ സമാപിക്കും. അഷ്ടമി ഉത്സവത്തിന്റെ കോപ്പുതുക്കൽ ഇന്ന് രാവിലെ 10.35 നും 12 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും. അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള പാത്രത്തിലെ അരിയളക്കൽ നാളെ രാവീല 6 നും 7.45 നും ഇടയിലാണ് നടക്കുക.