മരങ്ങൾ കടപുഴകി വീണ് കോട്ടയം-എറണാകുളം റോഡിൽ ഗതാഗതം മുടങ്ങി
തലയോലപ്പറമ്പ്:ശക്തമായ കാറ്റിലും മഴയിലും തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങൾ റോഡിലേക്ക് കടപുഴകി വീണും വൈദ്യുതി ലൈനുകൾ പൊട്ടിവീണുമാണ് നാശം ഏറെ. സിലോൺ കവലക്ക് സമീപം സ്വകാര്യ പുരയിടത്തിൽ നിന്ന കൂറ്റൻ പുളിമരം റോഡിന് കുറുകെ 11 കെ.വി ലൈനിന് മുകളിലേക്ക് കടപുഴകി വീണ് കോട്ടയം-എറണാകുളം റോഡിൽ 4 മണിക്കൂർ നേരം ഗതാഗതം മുടങ്ങി. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്‌സും തലയോലപ്പറമ്പ് പൊലീസും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി രാത്രി 8 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവം അറിയിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതർ എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. കോട്ടയം എറണാകുളം റോഡിൽ ഗതാഗതം മുടങ്ങിയതോടെ നൂറ് കണക്കിന് യാത്രക്കാർ വലഞ്ഞു. സിലോൺ കവല ഭാഗത്തെ ട്രാൻസ്‌ഫോർമറും 10 ഓളം വൈദ്യുതി പോസ്റ്റുകളും മരം വീണതിനെ തുടർന്ന് റോഡിലേക്ക് ചാഞ്ഞു. സംഭവത്തെ തുടർന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ ആപ്പാഞ്ചിറ വഴിയും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ തലപ്പാറ കീഴൂർ വഴിയും തിരിച്ചുവിട്ടു. വെട്ടിക്കാട്ടുമുക്ക് വെള്ളൂർ എച്ച്.എൻ.എൽ റോഡ്, വടയാർ എന്നിവിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ മുറ്റത്തെ കൂറ്റൻ കാറ്റാടി മരം കാറ്റിൽ കടപുഴകി വീണു. ശക്തമായ മഴയിൽ തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയം പാലംകടവ് റോഡിൽ കോലേഴം ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ വശങ്ങളിലുള്ള കാന മൂടിപ്പോയതാണ് വെള്ളക്കെട്ടിന് കാരണമായത്. കനത്ത മഴയിൽ തലയോലപ്പറമ്പ് ,മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.