കോട്ടയം: പുലർച്ചെ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താലിൽ പെരുവഴിയിലായത് ജനം. ഹർത്താൽ അറിയാതെ ദൂരദിക്കിൽ നിന്നെത്തിയ യാത്രക്കാർ ഭക്ഷണം കിട്ടാതെ അലഞ്ഞു. ശബരിമല തീർത്ഥാടകരെയടക്കം ഹർത്താൽ സാരമായി ബാധിച്ചു. കോട്ടയം - പമ്പ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലും, മറ്റ് വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് പോകാനാവാതെ അയ്യപ്പന്മാർ വിഷമിച്ചു. ജില്ലയിലെ ബി.ജെ.പി സംഘപരിവാർ നേതാക്കൾ പോലും ഇന്നലെ പുലർച്ചെയാണ് ഹർത്താലിനെപ്പറ്റി അറിഞ്ഞത്.
വെട്ടിലായി കെ.എസ്.ആർ.ടി.സി
ഹർത്താൽ അറിയാതെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേയ്ക്ക് രാവിലെ തന്നെ സർവീസുകൾ അയച്ചിരുന്നു. പമ്പയിലേയ്‌ക്ക് 16 സർവീസുകളാണ് ഇന്നലെ അയച്ചത്. ഇതുകൂടാതെ പത്ത് സർവീസുകൾ കൂടി അയച്ചു. തിരുവനന്തപുരത്തേയ്‌ക്കും കോഴിക്കോട്ടേയ്‌ക്കും എറണാകുളത്തേയ്‌ക്കും പോയ ബസുകൾ വിവിധ സ്റ്റാൻഡുകളിൽ പിടിച്ചിട്ടു. ലോക്കൽ സർവീസുകളൊന്നും നടത്തിയില്ല. കുമളിയിലേയ്‌ക്കും, രാജാക്കാടിനും പോയ സർവീസുകൾ തിരികെ കോട്ടയം ബസ് സ്റ്റാൻഡിൽ എത്തി. വൈകിട്ട് ആറിന് ശേഷം സർവീസുകൾ പൂർവ സ്ഥിതിയിലായെങ്കിലും യാത്രക്കാർ കുറവായിരുന്നു.
ഹോട്ടലുകൾക്ക് നഷ്‌ടം 15 ലക്ഷം
ചെറുകിട ഇടത്തരം ഹോട്ടലുകൾക്ക് 15 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 750 ഹോട്ടലുകളുടെ മാത്രം കണക്കാണിത്. വൻ കിട ഹോട്ടലുകളുടെയും ഗ്രാമീണ മേഖലകളിലെ ചെറുകിട ഹോട്ടലുകളുടെയും കണക്കുകൾ കൂടി ചേരുമ്പോൾ ഇത് ഇരട്ടിയായി വർദ്ധിക്കും. ഹർത്താൽ പ്രഖ്യാപിക്കും മുൻപ് തന്നെ പല ഹോട്ടലുകളും ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. പുലർച്ചെ രണ്ടു മുതൽ നഗരത്തിലെ ഹോട്ടലുകളിലെ അടുക്കളകൾ പ്രവർത്തിച്ച് തുടങ്ങി. ഹർത്താൽ പ്രഖ്യാപനം പുറത്ത് വന്നതോടെ അടുക്കളകൾ നിശ്ചലമായി. അയ്യപ്പന്മാർക്ക് ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചതിന്റെ പേരിൽ ചില വെജിറ്റേറിയൻ ഹോട്ടലുകൾ രാവിലെ 9.30 വരെ തുറന്നുവച്ചിരുന്നു.
റെയിൽവേ സ്റ്റേഷനിൽ ആരും തടഞ്ഞില്ല
ഹർത്താൽ ദിനത്തിലും കോട്ടയം റെയിൽവേ സ്റ്റേഷൻ സജീവമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പഭക്തർക്കായി സ്റ്റേഷനിൽ തന്നെ കെ.എസ്.ആർ.ടി.സി ബസുണ്ടായിരുന്നതിനാൽ പമ്പയിലേയ്‌ക്കുള്ള യാത്രയ്‌ക്ക് ബുദ്ധിമുട്ട് നേരിട്ടില്ല. ദീർഘദൂര യാത്രയ്‌ക്ക് ശേഷം സ്റ്റേഷനിലെത്തിയവരിൽ പലരും തുടർ യാത്രയ്‌ക്ക് അവസരമില്ലാതെ ബുദ്ധിമുട്ടി. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേയ്‌ക്ക് പൊലീസ് വാഹനം ക്രമീകരിച്ചിരുന്നു.