കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയിൽ പ്രധാന തോടുകളുടെ ഭൂപടം തയാറാക്കി നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്നാണ് നവീകരണനടത്തുക. പാലായിൽ മീനച്ചിലാറ്റിൽ ചേരുന്ന ളാലം തോട്, പുന്നത്തുറയിൽ ചേരുന്ന പന്നഗംതോട്, കട്ടച്ചിറത്തോട് എന്നീ കൈവഴികളുടെ ഭൂപട രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. പോഷകനദികളുടെ വീണ്ടെടുപ്പിന് തുടക്കം കുറിച്ചുള്ള ജനകീയ കൺവെൻഷനുകൾക്ക് തുടക്കമായി. ളാലം തോടിന്റെ കൺവെൻഷൻ കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി ഹാളിൽ ഹരിത കേരള മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർമാൻ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. കട്ടച്ചിറത്തോടിന്റെയും പന്നഗം തോടിന്റെയും കൺവെൻഷൻ ഇന്ന് നടക്കും.

തോടുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കൃഷിയ്ക്കാവശ്യമായ ജലസേചന സൗകര്യങ്ങളൊരുക്കിയും നവീകരണം സാധ്യമാക്കുകയാണ് ചെയ്യുന്നത്. തരിശായ പാടശേഖരങ്ങളിൽ നെൽക്കൃഷി പുനരാരംഭിക്കുന്നതിന് മുൻഗണന നൽകും.ഇന്ന് രാവിലെ 9.30ന് കോട്ടയം സി.എം.എസ് കോളജിൽ ചേരുന്ന ജനകീയകൂട്ടായ്മയിൽ തോടുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ ബ്രോഷറുകൾ പ്രകാശനം ചെയ്യും. കോളജ് പ്രിൻസിപ്പൽ റോയി സാം ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും.