കോട്ടയം: ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (ഐ.എസ്.ഒ) സാക്ഷ്യപത്രം നേടി മിടുക്കരാകാൻ ജില്ലയിലെ പഞ്ചായത്തുകൾ ഒരുങ്ങുന്നു. ഡിസംബർ പതിനഞ്ചോടെ എല്ലാ പഞ്ചായത്തുകൾക്കും ഐ.എസ്.ഒ അംഗീകാരം നേടാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ശ്രമിക്കുന്നത്. നിലവിൽ 26 പഞ്ചായത്തുകൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവ 75 ശതമാനം വരെ തയ്യാറെടുപ്പു പൂർത്തിയാക്കിയിട്ടുണ്ട്.

ജനകീയ സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഐ.എസ്.ഒ അംഗീകാരത്തിന് തയ്യാറാക്കുന്നത്. രാജ്യാന്തര മികവുള്ളതായി ഗ്രേഡ് ചെയ്യുകയാണിതിലൂടെ . ഐ.എസ്.ഒ അധികൃതർ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നേരിട്ടെത്തി നിലവാരം പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ജീവനക്കാരുടെ പെരുമാറ്റവും അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതും മുതൽ ഓഫീസിലെ വൃത്തി വരെ പരിശോധനാ വിധേയമാക്കും.

ആറു മാസത്തോളമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഐ.എസ്.ഒ സർട്ടിഫിക്കറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പരിശീലനവും നൽകിയിരുന്നു. 71 പഞ്ചായത്തുകളും ആറ് നഗരസഭകളുമാണ് നിലവിൽ ജില്ലയിലുള്ളത്. ഇവരെല്ലാം ഡിസംബർ പകുതിയോടെ തന്നെ ഐ.എസ്.ഒ അംഗീകാരം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിലവിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളുടെ മികവ് നിലനിർത്തുകയും, ഒപ്പം ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐ.എസ്.ഒ നേടിയെടുക്കുക വഴി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മികവ് കൂടിയാണ് പരിശോധിക്കുന്നത്.

സലിം ഗോപാൽ,ഡെപ്യൂട്ടി ഡയറക്‌ടർ,

തദ്ദേശ സ്വയംഭരണ വകുപ്പ്