വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 6.20നും 8.15നും ഇടയിൽ തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയിക്കും.കൊടിയേറ്റിനു ശേഷമുള്ള ആദ്യ ശ്രീബലിയും കൊടിപ്പുറത്തു വിളക്കും ഒന്നാം ദിവസത്തെ ചടങ്ങുകളാണ്. അഞ്ച്, ആറ് എട്ട് പതിനൊന്ന് ദിവസങ്ങളിലെ ഉത്സവബലി. എഴാം ദിവസത്തെ ഋഷഭ വാഹന എഴുന്നള്ളിപ്പ്, ആറാം ഉൽസവ നാളിൽ നടക്കുന്ന കൂടിപ്പാജ, 9, 10 ഉത്സവ ദിവസങ്ങളിൽ നടക്കുന്ന ശ്രീബലി, ഒൻപതാം ദിവസത്തിലെ ഗജപൂജ, ആനയൂട്ട്, 8, 9 ദിവസങ്ങളിലെ കഥകളി, വടക്കും ചേരിമേൽ, തെക്കുംചേരിമേൽ എഴുന്നള്ളിപ്പുകൾ എന്നിവ പ്രധാന ചടങ്ങുകളാണ്. 30 ന് രാവിലെ 4.30 നാണ് അഷ്ടമി ദർശനം. അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക വിടപറയൽ എന്ന ചടങ്ങുകൾ രാത്രി 10 ന് ആരംഭിക്കും. ഡിസംബർ 1ന് ആറാട്ടോടെ ഉത്സവം സമാപിക്കും. അഷ്ടമിയുടെ പ്രധാന ചടങ്ങായ കൊടിയേറ്ററിയിപ്പ് ഇന്ന് നടക്കും. ശുദ്ധി ക്രിയകൾ 18 ന് പൂർത്തിയാക്കും.