vakkel-road

തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിലെ വാക്കേൽ ചിറേക്കടവ് റോഡ് മൂവാറ്റുപുഴയിലേക്ക് ഇടിഞ്ഞുതാണു. ഇന്നലെ പുലർച്ചെയാണ് സംഭവം. 15 മീറ്ററോളം വരുന്ന റോഡ് പുഴ കവർന്നതോടെ കാൽനടയാത്ര പോലും അസാധ്യമായി. കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ കുത്തൊഴുക്കുമൂലം റോഡിന്റെ 5 മീറ്റർ ഭാഗം മൂന്ന് മീറ്റർ വീതിയിൽ മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുപോയിരുന്നു. ഇന്നലെ പെയ്ത കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും മൂലം റോഡിന്റെ കൂടുതൽ ഭാഗം ഇടിയുകയായിരുന്നു. റോഡ് പുഴ കവർന്നതോടെ ചിറേക്കടവ് നിവാസികൾ കടുത്ത ദുരിതത്തിലായി. സമീപത്തെപുരയിടങ്ങൾക്കും വീടുകളും തീരം ഇടിച്ചിൽ ഭീഷണിയാണ്. സ്‌കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇത് വഴിയാണ് പാലാംകടവ് ഭാഗത്തേക്ക് പോയിരുന്നത്. ആറ്റുതീരം കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.

താത്ക്കാലികമായി ഇടിഞ്ഞ ഭാഗം ഏരി താഴ്ത്തി സുരക്ഷിതമാക്കും.റോഡ് സഞ്ചാരയോഗ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കും

പി. വി ഹരിക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ്