photo

കോട്ടയം: നാടൻ പച്ചക്കറികൾ, കറിക്കൂട്ടുകൾ, ഉപ്പേരി ...മുണ്ടക്കയം പുഞ്ചവയൽ ശ്രീസരസ്വതി വിലാസം ഗിരിജൻ മഹിളാ സമാജത്തിന്റെ സ്വയംതൊഴിൽ കേന്ദ്രത്തിൽ എത്തുന്നരെല്ലാം മനസ് നിറഞ്ഞേ മടങ്ങു. ഒരു വീട്ടിലേയ്ക്ക് ആവശ്യമായ സകല സാധനങ്ങളും ന്യായമായ നിരക്കിലും ഗുണമേന്മയിലും ഇവിടെ ലഭിക്കും. മുപ്പതോളം വനിതകൾ ചേർന്ന് നയിക്കുന്ന ഈ സംരംഭത്തിന് ഒരു വർഷം മുമ്പ് കൊച്ചിൻ ഷിപ്പ് ‌യാർഡാണ് സ്വന്തമായി കെട്ടിടം നിർമ്മിച്ചു നൽകിയത്. പിന്നാക്ക വിഭാഗം വനിതകളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ''സാമുഹിക പ്രതിബദ്ധത '' പദ്ധതി പ്രകാരമാണ് ജില്ലയിലെ മലയോരമേഖലയിലേയ്ക്ക് കൊച്ചിൻ ഷിപ്പ് ‌യാർഡിന്റെ സഹായമെത്തിയത്. കെട്ടിടവും കാർഷിക വിപണന കേന്ദ്രവും ആരംഭിക്കാനായി 35 ലക്ഷം രൂപയാണ് ഷിപ്പ് ‌യാർഡ് അനുവദിച്ചത്.

ഗിരിജൻ മഹിളാ സമാജത്തിലെ വനിതാ അംഗങ്ങൾ മാറിമാറിയാണ് ഇവിടെ ജോലി ചെയ്യുന്നത്.ചേന, കാച്ചിൽ, തക്കാളി, വഴുതന, കോവൽ, പാവൽ, കുമ്പളം, വെള്ളരി തുടങ്ങിയ നാടൻ കാർഷിക വിളകൾക്ക് പുറമെ, സോപ്പ് പൊടി നിർമ്മാണം, ലോഷൻ നിർമ്മാണം, വസ്‌ത്രവ്യാപാരം തുടങ്ങിയ നിരവധി തൊഴിലുകൾക്ക് ഈ കൂട്ടായ്‌മ ചുക്കാൻ പിടിക്കുന്നുണ്ട്. കെട്ടിടത്തിന്റെ സമീപത്തുള്ള പത്ത് സെന്റ് സ്ഥലത്ത് നാടൻ കപ്പ കൃഷി ചെയ്‌തുള്ള വിൽപ്പനയും പൊടിപൊടിക്കുകയാണ്. പുഞ്ചവയൽ ചെറുവള്ളി ദേവീക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വിപണന കേന്ദ്രത്തിന്റെ പ്രവർത്തന സമയം രാവിലെ 10 തൊട്ട് വൈകിട്ട് 5 വരെയാണ്.

'' നേരത്തെ ചോർന്നൊലിച്ച ഒരു കെട്ടിടത്തിലായിരുന്ന സ്വയംതൊഴിൽ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം ലഭിച്ചതോടെ ഒരുപാട് വനിതകൾക്ക് സഹായമായി. മായമില്ലാത്ത ചക്കകൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടെ കൂടുതൽ ഉത്‌പ്പന്നങ്ങൾ തയാറാക്കി വിൽപ്പന നടത്തുകയാണ് ലക്ഷ്യം. ''

ഉഷാ പ്രസന്നകുമാ‌ർ (ശ്രീസരസ്വതി വിലാസം ഗിരിജൻ മഹിളാസമാജം പ്രസിഡന്റ് )

''കൊച്ചിൻ ഷിപ്പ് യാർഡിന്റെ ധനസഹായം സാധാരണക്കാർക്കിടയിലേക്ക് എത്തിച്ചേരണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ടത്. സാമ്പത്തികമായും സാമുഹികമായും പിന്നാക്കം നിന്ന വനിതകൾക്ക് കൈതാങ്ങാകാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് തന്നെ പദ്ധതിക്ക് കഴിഞ്ഞു.

ബി.രാധാകൃഷ്‌ണ മേനോൻ

(കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്‌ടർ )