കോട്ടയം: ശബരിമലയിലെ പൊലീസ് തേർവാഴ്‌ചയ്ക്കെതിരെ സമരം തുടരുമെന്നും സ്ഥിതിഗതികൾ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ദേശീയ നേതാക്കളുമായും ദക്ഷിണേന്ത്യയിൽ നിന്നുള്ള എം.പി മാരുമായും ആലോചിച്ച് ദ്വിമുഖ സമരം സംഘടിപ്പിക്കും.
കെ. സുരേന്ദ്രന് പൊലീസ് ആരാധനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചു. സുരേന്ദ്രൻ ആചാരം ലംഘിച്ചെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ഓരോ നാട്ടിലും വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങളാണ്. മലബാർ മേഖലയിൽ മരണമുണ്ടായി പതിനാറാം നാൾ പുല വാലായ്മ മാറും.
നേതാക്കളെ കരുതൽ തടങ്കലിൽ വച്ചതുകൊണ്ട് സർക്കാരിനു മുന്നിൽ മുട്ടുമടക്കില്ല. ആത്മസംയമനം പാലിച്ച് പ്രതിഷേധം തുടരും. നിയമലംഘനം നടത്തുന്ന പൊലീസ് ഓഫീസർമാർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ സമീപിക്കും. യുവതീപ്രവേശനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെങ്കിലും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്തു നിന്ന് അനുകൂല നിലപാടുണ്ടാകാത്തതാണ് തടസമെന്നും അദ്ദേഹം പറഞ്ഞു.