photo

കോട്ടയം: നഗരസഭയുടെ സ്ത്രീ സൗഹൃദ പദ്ധതികൾക്ക് അപമാനമായി നാഗമ്പടത്തെ വനിതാ വിശ്രകേന്ദ്രം അടഞ്ഞുതന്നെ. 2010ൽ 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രമാണ് അറ്റകുറ്റപ്പണികളുടെ പേരിൽ ഒരു വർഷം മുൻപ് അടച്ചുപൂട്ടിയത്. ദൂരസ്ഥലങ്ങളിൽ നിന്നു നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുമായാണ് നാഗമ്പടം സ്വകാര്യ ബസ്‌ സ്റ്റാൻഡിന് സമീപം വിശ്രമകേന്ദ്രം തുറന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലും, സ്വകാര്യ ബസ്‌ സ്റ്റാൻഡിലുമായി നൂറു കണക്കിന് സ്ത്രീകളാണ് ദിവസവും വന്നു പോകുന്നത്. ഇവർക്ക് വിശ്രമിക്കാൻ നിലവിൽ മറ്റ് സംവിധാനങ്ങളില്ല. സ്റ്റാൻഡിനകത്തെ തീർത്തും വൃത്തിഹീനമായ നിലയിലാണ്. കഴിഞ്ഞ ബഡ്ജറ്റിൽ 5 ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചെങ്കിലും പ്രാരംഭനടപടികൾ പോലും ആരംഭിച്ചിട്ടില്ല.

അടച്ചുപൂട്ടലിലേക്ക് എത്തിയത് ഇങ്ങനെ

ഉദ്ഘാടനത്തിന് ശേഷം വിശ്രമകേന്ദ്രത്തിന്റെ ചുമതല കുടുംബശ്രീക്ക് കൈമാറിയ നഗരസഭ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. കൃത്യമായ നവീകരണം നടത്താത്തതാണ് കെട്ടിടം നശിക്കാൻ കാരണമെന്നാണ് ആക്ഷേപം. ടോയ്‌ലെറ്റുകൾ ഉൾപ്പടെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമല്ലാതായി.
അടിസ്ഥാന സൗകര്യങ്ങളില്ലാതായതോടെ സ്ത്രീകളാരും എത്താതായി. കുടുംബശ്രീയുടെ ലഘുഭക്ഷണശാല മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വനിതകൾക്കായി തുടങ്ങിയ വിശ്രമകേന്ദ്രത്തിൽ പുരുഷന്മാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ ലഘുഭക്ഷണ ശാല തുടങ്ങിയതും വിമർശനത്തിന് ഇടയാക്കിയിരുന്നു. കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു.

'' നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ തുറന്നു കൊടുക്കും. വനിതാവിശ്രമ കേന്ദ്രത്തിന്റെ നിയന്ത്രണ ചുമതല ആർക്ക് നൽകണമെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും. ''

ഡോ.പി.ആർ സോന (നഗരസഭ ചെയർപേഴ്‌സൺ)