വൈക്കം: ക്ഷേത്രനഗരിക്ക് ഇനി ആഘോഷപൂർണിമ.വൈക്കത്തഷ്ടമിക്ക് ഇന്ന് കൊടിയേറും. രാവിലെ 6.15നും 8.20നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരിക്കും തൃക്കൊടിയേറ്റ്. രാവിലെ ഉഷപൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം ദക്ഷിണാമൂർത്തിയുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് മേൽശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷം തന്ത്രി കൊടിയേറ്റ് നിർവഹിക്കും. മഹാദേവ ക്ഷേത്രത്തിലെ തന്ത്രം ഭദ്രകാളി മറ്റപ്പള്ളി, കിഴക്കിനിയേടത്ത് മേക്കാട് എന്നീ രണ്ട് ഇല്ലങ്ങൾക്കാണ്. ആ സമയത്തെ തന്ത്രത്തിന്റെ ഊഴമനുസരിച്ച് ഇവരിൽ ആരെങ്കിലുമൊരാളായിരിക്കും കൊടിയേറ്റുക. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ആലവട്ടവും വെൺചാമരങ്ങളും സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും സായുധ പൊലീസും മഹാദേവന്മാരുടെ തൃക്കൊടിയേറ്റിന് അകമ്പടിയാകും. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കിലും തുടർന്ന് കലാമണ്ഡപത്തിലും ദീപം തെളിക്കും. അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ കെടാതെ സൂക്ഷിക്കും.

പന്ത്രണ്ട് ദിനരാത്രങ്ങൾ

ക്ഷേത്ര നഗരിയുടെ പന്ത്രണ്ട് ദിനരാത്രങ്ങൾ ഇനി ആഘോഷത്തിന്റേതായിരിക്കും. അഷ്ടമി നാളുകളിലെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തുകളിൽ താള, വാദ്യകലകളുടെ കുലപതിമാരുടെ മേളപ്പെരുക്കങ്ങൾ തീർക്കും. ദക്ഷിണേന്ത്യയിലെ പേരെടുത്ത കലാകാരന്മാർ നാദശരീരന്റെ സന്നിധിയിൽ സംഗീത, നാട്യ, നടന വിരുന്നൊരുക്കും.

ആചാരങ്ങളിൽ വേറിട്ട്

പരശുരാമനാൽ കൽപ്പിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന താന്ത്രിക അനുഷ്ഠാനങ്ങളിൽ വ്യതിചലിക്കാത്ത കൃത്യത പുലർത്തുമ്പോഴും മനുഷ്യഗന്ധിയായ ജീവിത മുഹൂർത്തങ്ങൾ ഇഴചേർന്ന ആചാരങ്ങളാണ് മഹാദേവ ക്ഷേത്രത്തെ വേറിട്ട് നിറുത്തുന്നത്. അഷ്ടമി നാൾ രാത്രിയിലെ അഷ്ടമി വിളക്കിന് താരകാസുരനെ നിഗ്രഹിക്കാൻ പുറപ്പെട്ട മകനും ദേവസേനാപതിയുമായ ഉദയനാപുരത്തപ്പനെ കാത്ത് ആകുലചിത്തനായി, വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ, ആർഭാടങ്ങളില്ലാതെ എഴുന്നള്ളി നിൽക്കുന്ന വൈക്കത്തപ്പനും വിജയശ്രീലാളിതനായി എത്തുന്ന ശ്രീമുരുകനെ വഴി നീളെ നിലവിളക്കുകൾ നിരത്തി, പുഷ്പ വൃഷ്ടിയോടെ ഭക്തജനങ്ങൾ എതിരേൽക്കുന്നതും പിതൃ, പുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ മറ്റ് ദേവീദേവന്മാർ എഴുന്നള്ളിയെത്തുന്ന അഷ്ടമി വിളക്കും പുത്രനെ യാത്രയയച്ച വൈക്കത്തപ്പന്റെ ദുഖവുമെല്ലാം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദേശാധിപതിയായ വൈക്കത്തപ്പൻ തന്റെ അധീനതയിലുള്ള ഭൂവിഭാഗങ്ങൾ സന്ദർശിക്കാൻ ക്ഷേത്രത്തിന് പുറത്തേക്കെഴുന്നള്ളുന്ന വടക്കും ചേരിമേൽ, തെക്കും ചേരിമേൽ എഴുന്നള്ളത്തുകളും അഷ്ടമിയുടെ പ്രത്യേകതയാണ്. അഷ്ടമിയുടെ ഏറ്റവും ആകർഷകമായ ചടങ്ങുകളിലൊന്നാണ് ഏഴാം ഉത്സവനാളിലെ ഋഷഭവാഹനം എഴുന്നള്ളിപ്പ്.

151 പറ അരിയുടെ പ്രാതൽ

വൈക്കത്തഷ്ടമി 30 നാണ്. അഷ്ടമി ദിവസം 151 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. അന്ന് രാവിലെ 4.30ന് അഷ്ടമി ദർശനം. പ്രാതലാണ് അന്നദാനപ്രഭുവെന്നറിയപ്പെടുന്ന മഹാദേവരുടെ ഇഷ്ട വഴിപാട്. വൈക്കം മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായൊരുക്കുന്ന വിഭവസമൃദ്ധമായ പ്രാതൽ സദ്യ ഒരുനാളും മുടങ്ങാറുമില്ല.