വൈക്കം: ആചാരനിറവിൽ കൊടിയേറ്ററിയിച്ചു. ക്ഷേത്രനഗരിക്ക് ഇനി അഷ്ടമിക്കാലം. പ്രഭാത ശ്രീബലിക്കു ശേഷം വൈക്കം മഹാദേവരുടെ നടയ്ക്കൽ തൊഴുത് അനുവാദം വാങ്ങി അവകാശിയായ കിഴക്കേടത്ത് ഇല്ലത്ത് ശങ്കരൻ മൂസത് ഓലക്കുട ചൂടി ചമയങ്ങൾ അണിയാത്ത ഗജവീരന്റെ പുറത്തെഴുന്നള്ളിയാണ് കൊടിയേറ്ററിയിച്ചത്. വൈക്കം ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം കൊടിയേറ്ററിയിക്കാൻ കിഴക്കേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങി. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിൽ എത്തി മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്ററിയിച്ചു. തുടർന്ന് ഇണ്ടം തുരുത്തി ദേവി ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും എത്തി കൊടിയേറ്ററിയിപ്പ് നടത്തി. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് വൈക്കം ക്ഷേത്രത്തിലും അറിയിക്കണമെന്നാനാണ് ആചാരം. അതത് അവസരങ്ങളിലെ ക്ഷേത്ര ഉടമസ്ഥരായ ഊരാഴ്മക്കാർ ഉത്സവ വിവരം ക്ഷേത്ര ഉടമസ്ഥരായ മറ്റ് ഊരാഴ്മക്കാരെ അറിയിക്കുന്ന ചടങ്ങാണ് കൊടിയേറ്ററിയിപ്പ്.